mathew-george
കട്ടപ്പന ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മാത്യു ജോർജ്.

കട്ടപ്പന: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിക്കാൻ കോൺഗ്രസ് സഹായിച്ചപ്പോൾ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രത്യുപകാരം ചെയ്തതായും ഇരുപാർട്ടികളുടെയും വോട്ട് കച്ചവടം പുറത്തായതായും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ്. സി.പി.എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എക്കാലവും കോൺഗ്രസ് ബി.ജെ.പിക്കൊപ്പം കൂട്ടുചേർന്ന് വോട്ടുകച്ചവടം നടത്തിയിട്ടുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പിയെ സഹായിച്ചപ്പോൾ മറ്റ് മണ്ഡലങ്ങളിൽ കോൺഗ്രസിനെയും സഹായിച്ചു. മൂന്നാമതും എൽ.ഡി.എഫ് അധികാരത്തിലെത്തുമെന്ന ഭയംകൊണ്ടാണ് കോൺഗ്രസും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വർഗീയതയെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രചാരണം നടത്തുന്നത്. കോൺഗ്രസിന്റെ ഒരുകൈ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും തോളിലും മറ്റൊരു കൈ ജമാഅത്ത് ഇസ്ലാമി- പോപ്പുലർ ഫ്രണ്ട് വർഗീയ ശക്തികളുടെ തോളിലുമാണ്. ഇതു മറച്ചുപിടിക്കാനാണ് സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അപവാദ പ്രചാരണം നടത്തുന്നത്. രാജ്യത്തിനാകെ മാതൃകയായി ബദൽ നയങ്ങളുമായാണ് എൽ.ഡി.എഫ് ഭരണം മുന്നോട്ടുപോകുന്നത്. കൊച്ചി ഇടമൺ ഹൈവേ, മലയോര, തീരദേശ പാതകൾ, വാട്ടർ മെട്രോ, കെ റെയിൽ, ഹൈടെക്ക് സ്കൂളുകൾ, ആശുപത്രികൾ, 1600 രൂപ പ്രതിമാസ പെൻഷൻ തുടങ്ങിയ മാറ്റങ്ങൾ ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി അദ്ധ്യക്ഷനായി. എം.എം. മണി എം.എൽ.എ, ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എസ്. മോഹനൻ, ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ പി.ബി. ഷാജി, എം.സി. ബിജു, ടോമി ജോർജ് എന്നിവർ സംസാരിച്ചു.

മാത്യു ജോർജ് കട്ടപ്പന ഏരിയ സെക്രട്ടറി

സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറിയായി മാത്യു ജോർജിനെ സമ്മേളനം തിരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ: പി.ബി. ഷാജി, എം.സി. ബിജു, ടോമി ജോർജ്, എസ്.എസ്. പാൽരാജ്, കെ.പി. സുമോദ്, സുധർമ മോഹൻ, പൊന്നമ്മ സുഗതൻ, വി.വി. ജോസ്, കെ.സി. ബിജു, കെ.എൻ. ബിനു, ജോയി ജോർജ്, ലിജു വർഗീസ്, പി.വി. സുരേഷ്, ലിജോബി ബേബി, കെ.എൻ വിനീഷ്‌കുമാർ, ഫൈസൽ ജാഫർ, സി.ആർ മുരളി, ജലജ വിനോദ്, നിയാസ് അബു, ഫ്രെഡ്ഡി മാത്യു. 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.