അടിമാലി: കൂലിപ്പണി ചെയ്ത പണം ആവശ്യപ്പെട്ട മദ്ധ്യവയസ്‌കനെ കരാറുകാരൻ ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. മുക്കുടം മെക്കാവിളയിൽ അജിത് കുമാറിനെയാണ് (54) വെള്ളത്തൂവൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ദീപക്ക് അറസ്റ്റ് ചെയ്തത്. മുതിരപ്പുഴ ചെള്ള്പറമ്പിൽ ഷാജി മാണിയ്ക്കാണ് (55) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ 24നായിരുന്നു സംഭവം. ഏതാനും വർഷങ്ങളായി ഷാജി കരാറുകാരനായ അജിയോടൊപ്പം മേസ്തിരി പണിയുടെ കയ്യാളായി ജോലി ചെയ്തു വരികയായിരുന്നു. ഇക്കഴിഞ്ഞ് 23ന് പണിക്ക് പോകാനായില്ല. തനിക്ക് ലഭിക്കാനുള്ള 5000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ റോഡിൽ ചവിട്ടി വീഴ്ത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. തലയ്ക്കും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നാലുദിവസം ചികിത്സയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ അജിത്തിനെ റിമാൻഡ് ചെയ്തു.