തൊടുപുഴ: ചിറ്റൂർ ഷെഹൻഷ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ 32-ാമത് വാർഷികാഘോഷം ജനുവരി 11, 12 തീയതികളിൽ ചിറ്റൂർ ദാസ് തൊടുപുഴ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിനോദ- കായിക മത്സരങ്ങൾ, അനുമോദനം, കലാസന്ധ്യ, സാംസ്‌കാരികസമ്മേളനം, അവാർഡ് ദാനം, ഗാനമേള തുടങ്ങി വിവിധ പരിപാടികളോടെയാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഇടുക്കിയും തൊടുപുഴയും കേന്ദ്രീകരിച്ച് സിനിമാ ചിത്രീകരണത്തിന് തുടക്കമിട്ട ദാസ് തൊടുപുഴയുടെ സ്മരണാർത്ഥം പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ അച്ചടി,​ ദൃശ്യമാദ്ധ്യമ അവാർഡുകളും പരിപാടിയിൽ വിതരണം ചെയ്യും. ജില്ലയിലെ മികച്ച മാദ്ധ്യമപ്രവർത്തകർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. മികച്ച അച്ചടി മാദ്ധ്യമപ്രവർത്തകൻ, മികച്ച അച്ചടി മാദ്ധ്യമ ഫോട്ടോഗ്രാഫർ, മികച്ച ദൃശ്യമാദ്ധ്യമ റിപ്പോർട്ടർ, മികച്ച ദൃശ്യ മാദ്ധ്യമ ക്യാമറാമാൻ എന്നിവർക്കാണ് അവാർഡുകൾ നൽകുന്നത്. 2023 ജൂൺ ഒന്ന് മുതൽ 2024 ജൂൺ ഒന്ന് വരെ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ വാർത്തകളാണ് അവാർഡിനായി പരിഗണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകും. എൻട്രികൾ dasettanthodupuzha@gmail.com എന്ന വിലാസത്തിൽ 25ന് മുമ്പായി ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9847978688 എന്ന നമ്പരിൽ ബന്ധപ്പെടുക. 11ന് രാവിലെ ഒമ്പതിന് പരിപാടികൾക്ക് തുടക്കമാകും. ക്ലബ്ബ് പ്രസിഡന്റ് തോമസ് ജോൺ പതാക ഉയർത്തും. ഉച്ചയ്ക്ക് രണ്ടിന് കുട്ടികൾക്കായും ശേഷം സ്ത്രീകൾക്കായും മത്സരങ്ങൾ നടത്തും. വൈകിട്ട് ആറിന് കലാസന്ധ്യ എന്ന പേരിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. കലാസന്ധ്യ ഗായിക ലല്ലു ടീച്ചർ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിനം ഉച്ചയ്ക്ക് രണ്ട് മുതൽ പുരുഷന്മാർക്കായി വിനോദകായിക മത്സരങ്ങൾ നടത്തും. വൈകിട്ട് ആറിന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ ജോസ് കോനാട്ട് മുഖ്യപ്രഭാഷണവും പ്രഥമ ദാസ് തൊടുപുഴ മെമ്മോറിയൽ അച്ചടി ദൃശ്യ മാദ്ധ്യമ അവാർഡുകളും വിതരണം ചെയ്യും. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളെയും ചടങ്ങിൽ അനുമോദിക്കും. അദ്ധ്യാപക അവാർഡ് ജേതാവ് വി.എം. ഫിലിപ്പച്ചൻ അനുമോദന പ്രസംഗം നടത്തും. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.ആർ. സോമൻ, മണക്കാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി. ബിനോയി, പുതുപ്പരിയാരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് മാത്യു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് കോട്ടയം മെഗാ ബീറ്റ്സിന്റെ ഗാനമേളയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് തോമസ് ജോൺ, സെക്രട്ടറി സിബി എൻ.വി, ആഘോഷ കമ്മിറ്റി ചെയർമാൻ നിസാർ എ.കെ, ക്ലബ് എക്സിക്യൂട്ടീവ് അംഗം അഖിൽദാസ് എന്നിവർ പങ്കെടുത്തു.