തൊടുപുഴ: നവംബർ 26 മുതൽ 30 വരെ കഞ്ഞിക്കുഴിയിൽ നടന്ന ജില്ലാ കലോത്സവത്തിൽ വിധി കർത്താക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ്​ അ​ന്വേഷണം ആവശ്യപ്പെട്ട്​ നൃത്ത അദ്ധ്യാപക സംഘടന. സംഭവത്തിന്റെ കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത്​ കൊണ്ട്​ വരണമെന്നാവശ്യപ്പെട്ട്​ അഖില കേരള ഡാൻസ്​ ടീച്ചേഴ്​സ്​ ട്രേഡ്​ യൂണിയൻ ഭാരവാഹികൾ വിജിലൻസ്​ ഡയറക്ടർക്കും ഒപ്പം വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയതായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ തലം മുതൽ ജില്ലാ തലം വരെയുള്ള നൃത്ത മത്സരങ്ങളിൽ കൃത്യവും കുറ്റമറ്റതുമായ വിധി നിർണയം നടക്കാത്തതായി സംഘടനയ്ക്ക്​ റിപ്പോർട്ട്​ ലഭിച്ചിരുന്നു. വിധി നിർണയത്തിൽ അഴിമതി നടക്കാതിരിക്കാൻ എ.ഇ.ഒമാർക്ക്​ കത്തയച്ചെങ്കിലും മറുപടി ഉണ്ടായില്ല. അവർക്ക്​ സൗകര്യ പ്രദമായ രീതിയിൽ കലോത്സവം നടത്തണം. വിധികർത്താൾക്കെതിരെ പ്രചരിച്ച ഓഡിയോ സന്ദേശത്തിൽ ഒരു നൃത്താദ്ധ്യാപകനായ കുമാർ ജയപ്രകാശ്​ എന്ന അദ്ധ്യാപകൻ തന്നെ ജഡ്ജ്​മെന്റ്​ ഏൽപിച്ചതായി പറയുന്നുണ്ട്​. ഇദ്ദേഹം ആരാണെന്നും വിധി കർത്താക്കളെ വിളിക്കേണ്ട ചുമതല കുമാർ എന്ന നൃത്ത അദ്ധ്യാപകനിൽ എങ്ങനെ എത്തിച്ചേർന്നെന്നും അറിയേണ്ടതുണ്ടെന്ന്​ പരാതിയിൽ പറയുന്നു. ജില്ലയിൽ വർഷങ്ങളായ ഈ അവസ്ഥ തുടരുകയാണ്. പല ഐറ്റങ്ങൾക്കും സമ്മാനം വാങ്ങിത്തരാമെന്ന്​ പറഞ്ഞ്​ പഠിപ്പിക്കാൻ എത്തുന്ന അദ്ധ്യാപകരും ഏറെയുണ്ട്​. പ്രോഗ്രാം കമ്മിറ്റി കൺവീനർ വഴിയോ ഓഫീസ്​ അധികാരികൾ വഴിയോ ആണ്​ ഇത്തരം ലോബികളെ നയിക്കുന്നവരുടെ പക്കലേക്ക്​ വിധി നിർണയ പാനൽ തയ്യാറാക്കാനുള്ള അനുമതികൾ ലഭിക്കുന്നതെന്നാണ്​ കരുതുന്നത്​​. ഇതിന്റെ യഥാർത്ഥ വിവരങ്ങൾ പറുത്തു കൊണ്ടുവരണമെന്നും ഇവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.കെ.ഡി.ടി.ടി.യു പ്രസിഡന്റ്​ രാജമ്മ രാജു, സെക്രട്ടറി പി.കെ. സുരേഷ്​, സംസ്ഥാന എക്സിക്യൂട്ടീവംഗം കെ.എസ്.​ സുരേഷ്​, ജോയിന്റ് സെക്രട്ടറി ലതാ സുരേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി.വി. ഫിലോമിന എന്നിവർ പ​ങ്കെടുത്തു.