തൊടുപുഴ: അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷന്റെ (അൽക) മൂന്നാമത് ജില്ലാ സമ്മേളനം 12ന് തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അസംഘടിത തൊഴിൽ മേഖലയായിരുന്ന അലുമിനിയം ഫാബ്രിക്കേഷൻ രംഗത്ത് 2017ലാണ് സംഘടന രൂപീകരിച്ചത്. അപകടം നിറഞ്ഞ ഈ തൊഴിൽമേഖലയിൽ ജോലി ചെയ്യുന്നവരും ചെറുകിട കോൺട്രാക്ടർമാരും ചെറുകിട കച്ചവടക്കാരുമാണ് സംഘടനയിൽ ആംഗങ്ങളായിട്ടുള്ളത്. നിലവിൽ സാമൂഹികപരമായ എല്ലാ വിഷയങ്ങളിലും ഇടപെടുന്ന പ്രബല സംഘനയാണ് അൽക. ഈ മേഖലയിൽ പണിയെടുക്കുന്നവർക്ക് സർക്കാരിന്റെ ഒരു പരിരക്ഷയും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇൻഷുറൻസ് പോലുള്ള ആനുകൂല്യങ്ങൾക്കായി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് സമ്മേളന സന്ദേശമായി മങ്ങാട്ടുകവലയിൽ നിന്ന് ബൈക്ക് റാലി നടത്തും. 12ന് രാവിലെ 10ന് പതാക ഉയർത്തും. ശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും. സമ്മേളനം അൽക സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ പാത്തിപ്പാറ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ എം.എം. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ചർച്ചയും തിരഞ്ഞെടുപ്പും നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മങ്ങാട്ടുകവലയിൽ നിന്ന് പ്രവർത്തകരുടെ റാലി സമ്മേന സ്ഥലമായ മർച്ചന്റ് ട്രസ്റ്റ് ഹാളിലേക്ക് നടക്കും. നാലിന് നടക്കുന്ന പൊതുസമ്മേളനം തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്യും. വാ‌ർത്താസമ്മേളനത്തിൽ അൽക സംസ്ഥാന സെക്രട്ടറി തോമസ് ജോൺ, ജില്ലാ ചെയർമാൻ റോയി ലൂക്ക്, ജില്ലാ സെക്രട്ടറി കെ.കെ. അനിൽ, ജില്ല ട്രഷറർ മണിക്കുട്ടൻ, തൊടുപുഴ മേഖല പ്രസിഡന്റ് ഷിജു തോമസ്, തൊടുപുഴ മേഖല സെക്രട്ടറി രമേഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.