gvt-hsptl
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെയുണ്ടായ രോഗികളുടെ തിരക്ക്

കട്ടപ്പന: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങിയതോടെ ആശുപത്രിയിൽ എത്തുന്ന നൂറുകണക്കിന് രോഗികൾ വലയുന്നു. ഇന്നലെ രോഗികളുടെ നീണ്ടനിരയാണ് ആശുപത്രിക്ക് മുന്നിൽ ഉണ്ടായത്. ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നാളിതുവരെ ശാശ്വത നടപടികളൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച മൂന്ന് ഡോക്ടർമാർ മാത്രമാണ് സേവനത്തിനുണ്ടായിരുന്നത്. എന്നാൽ ചികിത്സയ്ക്കായി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയിലെത്തിയത്. രാവിലെ മുതൽ മണിക്കൂറുകളോളം കാത്തിരുന്നതിന് ശേഷമാണ് ഇവർക്ക് ഡോക്ടറെ കാണാനായത്. ചിലർ ഡോക്ടറെ കാണാതെ മടങ്ങുകയും ചെയ്തു. താലൂക്ക് ആശുപത്രിയിൽ ഇത് നാളുകളായി തുടരുന്ന പ്രതിസന്ധിയാണ്. നിരവധി പരാതികളും നിവേദനകളും പ്രതിഷേധങ്ങളും ഉയർന്നുവന്നിട്ടും ഡോക്ടർമാരുടെ സ്ഥിരമായിട്ടുള്ള നിയമനം വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. പ്രതിഷേധ പരിപാടികൾ ശക്തമാകുന്നതോടെ താത്കാലിക നിയമനങ്ങൾ നടത്തി അധികൃതർ തടി തപ്പുകയായിരുന്നു. വിഷയം ഡി.എം.ഒയെ വിളിച്ച് അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.

സാധാരണക്കാരന്റെ ആശുപത്രി

തോട്ടം ആദിവാസി മേഖലകളിൽ നിന്നുള്ള സാധാരണക്കാരായ ആളുകളുടെ ആകെ ആശ്രയമാണ് താലൂക്ക് ആശുപത്രി. ഇവിടെയെത്തുന്ന ആളുകൾ പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണിപ്പോൾ. ഇത് താലൂക്ക് ആശുപത്രിയെ അടച്ച് പൂട്ടലിലേക്ക് എത്തിക്കാനുള്ള നീക്കവും അതുവഴി ചില സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കാനുള്ള ശ്രമവുമാണെന്നും വിമർശനമുണ്ട്.

വേണ്ടത് 12,​ ഉള്ളത് 3

ആകെ 12 ഡോക്ടർമാരുടെ തസ്തികയുള്ളടത്താണിപ്പോൾ മൂന്നു ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നത്. ഇത് നിലവിലുള്ള ഡോക്ടർമാരുടെ ജോലി ഭാരം കൂട്ടുന്നതിനും കാരണമാകുന്നു. ആശുപത്രിയിൽ അനുവദിച്ചിട്ടുള്ള ചില ഡോക്ടർമാർ സ്വന്തം താത്പര്യപ്രകാരം മറ്റ് ആശുപത്രിയിലേക്ക് മാറിപ്പോകുന്നുവെന്നും ആക്ഷേപമുണ്ട്.


പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ് മണ്ഡലം കമ്മിറ്റി

ഡി.എം.ഒയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കുകയും നടപടി ഉണ്ടാവാത്ത പക്ഷം റിലേ നിരാഹാര സമരത്തിന് ഒരുങ്ങുകയുമാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി. മുമ്പ് വിഷയത്തിൽ നിരവധി സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകിയിരുന്നു. അന്നെല്ലാം ഉടൻ താത്കാലിക നിയമനം നടത്തുമെന്ന് പറഞ്ഞ് അധികൃതർ തടിതപ്പുകയാണ് ചെയ്തത്. ഇനി ഇത് ആവർത്തിക്കില്ലെന്നും പൂർണ്ണമായ പരിഹാരം കാണുന്നതുവരെ പ്രക്ഷോഭം നടത്തുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ അറിയിച്ചു.