തൊടുപുഴ: വഴിവിളക്കുകളുടെ അറ്റകുറ്റപ്പണിയെ ചൊല്ലി നഗരസഭ കൗൺസിലിൽ തർക്കം. മതിയായ യോഗ്യത ഇല്ലാത്തയാളെ കരാർ ഏൽപ്പിക്കാനുള്ള നീക്കം യു.ഡി.എഫ്, എൽ.ഡി.എഫ് കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് വേണ്ടെന്നു വച്ചു. പദ്ധതി റീ ടെൻഡർ ചെയ്യാനുള്ള തീരുമാനത്തെ തുടർന്നാണ് കൗൺസിലർമാരുടെ എതിർപ്പ് അവസാനിച്ചത്.
തുടക്കത്തിൽ ചെയർപേഴ്സൺ സബീന ബിഞ്ചു, ബി.ജെ.പി കൗൺസിലർമാരായ ടി.എസ്. രാജൻ, സി. ജിതേഷ്, ബിന്ദു പദ്മകുമാർ എന്നിവർ നിലവിലെ കരാറുകാരന് തന്നെ നൽകണമെന്ന് വാദിച്ചു. എന്നാൽ ഇതു നിയമ വിരുദ്ധമാണെന്നും റീടെൻഡർ ചെയ്യണമെന്നും യു.​ഡി.എഫ് അംഗങ്ങളായ കെ. ദീപക്, ജോസഫ് ജോൺ, സനീഷ് ജോർജ്, എം.എ. കരീം എന്നിവരും എൽ.ഡി.എഫിലെ ആർ. ഹരി, മുഹമ്മദ് അഫ്സൽ, നിധി മനോജ്, സിജി റഷീദ് എന്നിവരും നിലപാടെടുത്തു. ടെൻഡർ നൽകുന്നതിൽ വലിയ അഴിമതി ഉണ്ടെന്നും ഇതിനു കൂട്ടുനിൽക്കാൻ തങ്ങൾക്കാവില്ലെന്നും അംഗങ്ങൾ വ്യക്തമാക്കി. അന്തിമ തീരുമാനം വോട്ടിനിട്ട് പാസാക്കണമെന്നും അഭിപ്രായമുയർന്നു. വോട്ടിനിടാതെ കരാറുകാരനെ യോഗത്തിൽ വിളിച്ചു വരുത്തി സംസാരിച്ച് പരിഹാരം ഉണ്ടാക്കാമെന്ന ചെയർപേഴ്സന്റെ അഭിപ്രായവും അംഗങ്ങൾ നിരാകരിച്ചു. തുടർന്ന് വോട്ടിനിട്ടെങ്കിലും ചെയർപേഴ്സണും ബി.ജെ.പി അംഗങ്ങളും കരാറുകാരനെ അനുകൂലിച്ചില്ല. തുടർന്നാണ് റീ ടെൻഡർ ചെയ്യാൻ തീരുമാനം എടുത്തത്. ബി.ജെ.പി അംഗം പി.ജി. രാജശേഖരൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ നഗരസഭയിലെ പല മേഖലകളിലും വഴിവിളക്കുകൾ തെളിയാത്ത സാഹചര്യത്തിൽ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന ഉദ്ദേശത്തോടെയാണ് നിലവിലെ കരാറുകാരന് ടെൻഡർ നൽകണമെന്ന അഭിപ്രായമെടുത്തതെന്നും നഗരത്തെ ഇരുട്ടിലാക്കുന്ന നടപടിയാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ഭാഗത്ത് നിന്നുണ്ടായതെന്നും ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു.

എതിർപ്പിൽ രാഷ്ട്രീയമില്ല

നഗരസഭയുടെ പല മേഖലകളും വൈദ്യുതി വിളക്കുകൾ തെളിയാത്തതിനെ തുടർന്ന് ഇരുട്ടിലാണ്. ഇതെ തുടർന്നാണ് 65 ലക്ഷം രൂപയുടെ പദ്ധതിയ്ക്കായി ടെൻഡർ ക്ഷണിച്ചത്. നഗരസഭ ക്ഷണിച്ച ക്വട്ടേഷനിൽ ഇലക്ട്രിക്കൽ എ ക്ലാസ് ലൈസൻസ് നിർബന്ധമായിരുന്നു. എന്നാൽ ലഭ്യമായ ക്വട്ടേഷനിൽ കുറഞ്ഞ നിരക്ക് നൽകിയ ആൾക്ക് മതിയായ ലൈസൻസ് ഇല്ലായിരുന്നു. ബാക്കി മൂന്നു പേർക്കും ബി ക്ലാസ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടാമത്തെയാൾ നിലവിൽ നഗരസഭയിൽ കഴിഞ്ഞ വർഷം കരാർ എടുത്തിരുന്നു. എങ്കിലും കൃത്യ സമയത്ത് ജോലികൾ പൂർത്തിയാക്കാത്തതിനാൽ ഇയാൾക്ക് വീണ്ടും ടെൻഡർ നൽകുന്നതിനെ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കൗൺസിലർമാർ എതിർത്തു.