nelkathir
കൊയ്തെടുത്ത നെൽക്കതിരുകളുമായി എസ്.എൻ സ്കൂളിലെ വിദ്യാർത്ഥികൾ പാടവരമ്പത്ത് കൂടി

കട്ടപ്പന: വണ്ടൻമേട് കിസാൻ സർവീസ് സൊസൈറ്റിയും പോത്തുംകണ്ടം എസ്.എൻ.യു.പി.സ്‌കൂളിലെ നെയ്തലാമ്പൽ സീഡ് ക്ലബ്ബും ചേർന്ന് കൊയ്ത്തു മഹോത്സവം നടത്തി. പഴയ കതിർ പുതിയ കൈകളിൽ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാർത്ഥികളിൽ കാർഷിക അവബോധം സൃഷ്ടിക്കുന്നതിനും അന്യം നിന്ന് പോകുന്ന കാർഷിക സംസ്‌കൃതിയെ തിരിച്ചറിയുന്നതിനും നെൽകൃഷിയെ കുറിച്ച് പഠിക്കുന്നതിനുമായിട്ടാണ് കൊയ്ത്ത് മഹോത്സവം നടത്തിയത്. ഏറെ ഔഷധഗുണമുള്ള രക്തശാലി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്തിരുന്നത്. സൊസൈറ്റി പ്രസിഡന്റ് മോൻസി ബേബി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ സി.ആർ. വാസവൻ, അനിഷ ദിവാകർ, ആതിര രാജേന്ദ്രൻ, അരുണിമ ബിജു , സോമിനി മോൾ ബിജു, പി.ടി.എ പ്രസിഡന്റ് വിനീത് പാലത്താറ്റിൽ,​ സീഡ് പ്രവർത്തകരായ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. അടുത്തവർഷം കുടുതൽ സ്‌കൂളുകളുമായി ചേർന്ന് കൃഷി നടത്താനും തീരുമാനിച്ചു. കൊയ്ത്ത് മഹോത്സവത്തിന് സൊസൈറ്റി ഭാരവാഹികളായ ജെയ്‌മോൻ ജോർജ്, എ.ടി. ജോസഫ്, ബിജു ജേക്കബ്, റോയി ജോർജ്, സോജി വർഗീസ്, എ.ജെ. തോമസ്‌കുട്ടി, ബ്ലസൻ ബിജു എന്നിവർ നേതൃത്വം നൽകി.