 
കട്ടപ്പന: വെള്ളിലാംകണ്ടത്ത് വീട്ടിൽ നിന്ന് പാത്രങ്ങളും വീട്ടുപകരണങ്ങളും കവർന്നു. കാഞ്ചിയാർ വെള്ളിലാംകണ്ടം ഓലാനിക്കൽ ബിജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിറകുപുരയിൽ സൂക്ഷിച്ചിരുന്ന വാർപ്പ് ഉൾപ്പെടെയുള്ള വലിയ പാത്രങ്ങൾ, ചെമ്പ് പാത്രങ്ങൾ, മറ്റ് വീട്ടുപകരണങ്ങൾ തുടങ്ങിയവ നഷ്ടപ്പെട്ടു. ഞായറാഴ്ച രാവിലെ ബിജു അച്ഛനോടൊപ്പം ആശുപത്രിയിൽ പോയിരുന്നു. ഭാര്യയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ മുറ്റം വൃത്തിയാക്കുന്നതിനായി ഇവർ പുറത്തിറങ്ങിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഉടൻ കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. പൊലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പണമോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ നഷ്ടമായിട്ടില്ല. കട്ടപ്പന എസ്.ഐ കെ.വി. ജോസഫും സംഘവും അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെപറ്റി വിവരം ലഭിച്ചതായും ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു.