pradishedam
നിർമ്മാണത്തിനു പിന്നാലെ തകർന്ന് തരിപ്പണമായ നോർത്ത് ശല്യംപാറ- സൗത്ത് ശല്യംപാറ റോഡ് പുനർനിർമ്മിക്കണമെന്നും നിർമ്മാണത്തിലെ അഴിമതിയിൽ പ്രതിഷേധിച്ചും ഗ്രാമവാസികൾ ഒന്നാകെ അണിനിരന്ന പന്തംകൊളുത്തി പ്രകടനം

വെള്ളത്തൂവൽ: ശല്യാംപാറ നിവാസികളുടെ ഏക യാത്രമാർഗ്ഗമായ നോർത്ത് ശല്യാംപാറ- സൗത്ത് ശല്യാംപാറ റോഡിന്റെ നിർമ്മാണം പൂർത്തിയായി ഏതാനും മാസങ്ങൾക്കകം റോഡ് തകർന്നതിൽ പ്രതിഷേധിച്ച് ശല്യാംപാറ ഗ്രാമം ഒന്നാകെ അണിനിരന്ന് പന്തളം കൊളുത്തി പ്രകടനം നടത്തി. ആറുമാസം മുമ്പ് നിർമ്മാണം പൂർത്തീകരിച്ച റോഡാണ് തകർന്നത്. സർക്കാർ മൂന്നു കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡ് ആരംഭത്തിൽ 650 മീറ്റർ കോൺക്രീറ്റ് ചെയ്തതാണ് തകർന്ന് തരിപ്പണമായത്. തുടർന്ന് ചെയ്ത ടാറിംഗ് ജോലികളും സൂചന ബോർഡുകളും കലുങ്ക് നിർമ്മാണവും കരാറുകാരൻ തോന്നിയപോലെയാണ് നിർമ്മിച്ചിരിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇതിനു കൂട്ടു നിന്നതായി നാട്ടുകാർ ആരോപിക്കുന്നു. തകർന്ന റോഡ് പുനർനിർമ്മിക്കണമെന്നും നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ നൂറുകണക്കിന് ഗ്രാമവാസികളാണ് പങ്കെടുത്തത്. അതിജീവനപോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലിൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്‌ തോമസ്, പി.കെ. സന്തോഷ്, എ.എം. സജാർ, എം.എ. ഹംസ, ബിന്ദു രാജേഷ്, ജാസ്മി അമാൻ, മിസറി പരീക്കുട്ടി, കെ.ബി. ജോൺസൺ, ഷൈനാ സ്രഹീം, ജോമോൻ കളപ്പുര, അബ്ദുൽ കലാം, പി.കെ. അജി എന്നിവർ നേതൃത്വം നൽകി.