
തൊടുപുഴ: നഗരമദ്ധ്യത്തിൽ കാൽ നടയാത്രക്കാർക്ക് കെണിയൊരുക്കി സ്ലാബ് ഇല്ലാത്ത ഓട. തൊടുപുഴ മൗണ്ട് സീനായ് റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടക്കെണി. നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇടമാണിത്. പകൽ സമയത്ത് ഈ വാരിക്കുഴി ശ്രദ്ധയിൽപ്പെടുമെങ്കിലും രാത്രിയായാൽ ഓടയുടെ അപകടക്കെണി തിരിച്ചറിയാൻ കഴിയില്ല. ഏറെ തിരക്കുള്ള ജംഗ്ഷനിലാണ് മൂടിയില്ലാത്ത ഓടയുള്ളത്. ഇരുട്ട് വീണാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം മാത്രമേ ഉണ്ടാകൂ. വ്യാപാരസ്ഥാപനങ്ങൾ അടച്ചാൽ ഓടയ്ക്ക് മൂടിയില്ലാത്തത് ശ്രദ്ധയിൽപ്പെട്ടില്ല. ഇതിന് സമീപത്തായി സിനിമാ തിയേറ്ററും ഉണ്ട്. രാത്രിയിൽ സിനിമ കണ്ടിറങ്ങി വരുന്നവർക്കും വലിയ അപകട സാദ്ധ്യതയാണ് തുറന്ന ഓട സൃഷ്ടിക്കുന്നത്. പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്. ചെറു വാഹന യാത്രക്കാർക്കും റോഡരികിലെ മൂടിയില്ലാത്ത ഓട വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ടൗണിന്റെ പല ഭാഗത്തും ഓടയുടെ മുകളിലുള്ള സ്ലാബുകൾ തകർന്ന നിലയിൽ കാണാം. പ്രതിഷേധം ഉയരുമ്പോൾ ആ ഭാഗത്തെ തകരാർ മാത്രം പരിഹരിച്ച് താത്കാലിക പരിഹാരം കാണുന്ന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. മൗണ്ട് സീനായ് റോഡിലേക്ക് തിരിയുന്ന ഭാഗത്തുള്ള മൂടിയില്ലാത്ത ഓടയ്ക്ക് എട്ട് അടിയോളം താഴ്ചയും നാല് അടിയോളം വീതിയുമുണ്ട്. ഏറെ അപകട സാദ്ധ്യത ഉണ്ടാക്കുന്ന ഓടയുടെ മുകളിൽ സ്ലാബ് സ്ഥാപിച്ച് അപകട സാദ്ധ്യത ഒഴിവാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.