നെടുങ്കണ്ടം: എം.ഇ.എസ് കോളേജിൽ ലോക മനുഷ്യാവകാശ ദിനത്തിന്റെയും എയ്ഡ്സ് വിരുദ്ധ ദിനത്തിന്റെയും ഭാഗമായി നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വാരാചരണത്തിന്റെ ഭാഗമായി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ്, വൈസ് പ്രിൻസിപ്പൽ അബ്ദുൽ റസാഖ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. മുംന്ന നാസർ എന്നിവരുടെ നേതൃത്വത്തിൽ കോളേജിലെ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ മനുഷ്യച്ചങ്ങലയും റെഡ് റിബൺ ക്യാമ്പയിനും സംഘടിപ്പിച്ചു. എയ്ഡ്സ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ രോഗത്തെ സംബന്ധിച്ചും എയ്ഡ്സ് നിർമാർജനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പുതിയ തലമുറ അവബോധമുള്ളവരായിരിക്കണമെന്ന് ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ.അജിംസ് പി. മുഹമ്മദ് വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ ക്യാമ്പയിനോടു കൂടി ആരംഭിച്ച വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സെമിനാർ, ഡോക്യുമെന്ററി സ്‌ക്രീനിംഗ്, ഗ്രൂപ്പ് ഡിസ്‌കഷൻ, പെൻസിൽ ഡ്രോയിങ് കോമ്പറ്റീഷൻ തുടങ്ങി വിപുലമായ പരിപാടികളാണ് നടത്തുന്നത്. 'അവകാശങ്ങളുടെ പാത സ്വീകരിക്കൂ' എന്ന ഇക്കൊല്ലത്തെ എയ്ഡ്സ് ദിന സന്ദേശത്തോട് ബന്ധപ്പെട്ടാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. ലോക മനുഷ്യാവകാശ ദിനമായ ഇന്നലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നൊരുക്കിയ 'അവകാശങ്ങളെപ്പറ്റി സംസാരിക്കൂ, സമ്മാനങ്ങൾ നേടൂ" എന്ന ബോധവത്കരണ പരിപാടിയോടുകൂടിയാണ് വാരാചരണം അവസാനിച്ചത്.