കട്ടപ്പന : കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി വിജയങ്ങൾ കരസ്ഥമാക്കി ജോജു ബിജു. ലബ്ബക്കട ജെപിഎം കോളേജിലെ ബിഎസ്ഡബ്ലിയു രണ്ടാം വർഷ വിദ്യാർത്ഥിയായ ജോജു നവംബറിൽ തിരുവനന്തപുരം പാളയത്ത് നടന്ന കേരള സംസ്ഥാന കരേട്ടെ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത 'കത്ത' യിൽ വെങ്കലവും, ഗ്രൂപ്പ് കത്തയിൽ സ്വർണ്ണമെഡലും നേടി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിൽ കത്ത യിലും കുമിത്തെ യിലും വെങ്കലവും നേടി. ഉദയഗിരി തകിടിയേൽ ബിജു ഷൈനി ദമ്പതികളുടെ മകനാണ്. എട്ടാം ക്ലാസ് മുതലാണ് കരാട്ടെയിൽ പരിശീലനം ആരംഭിച്ചത്. കോവിഡ് സമയത്ത് ക്ലാസ് മുടങ്ങുന്ന സാഹചര്യമുണ്ടായെങ്കിലും തുടർച്ചയായി പരിശീലിക്കുക എന്ന ദൃഢനിശ്ചയം ഏത് പ്രതിസന്ധി സമയങ്ങളിലും പരിശീലനം തുടരാൻ ജോജുവിനെ പ്രചോദിപ്പിച്ചു. ഷിറ്റോറിയൂ സ്‌റ്റൈലിലാണ് കരാട്ടെ പരിശീലിച്ചിരിക്കുന്നത്. മാത്യു ജോസഫിന്റെ കീഴിൽ സെൻസായി ബിബിൻ ജോഷിയാണ് പരിശീലകൻ. നിലവിൽ ബ്ലാക്ക് ബെൽറ്റ് ഡാൻ ഫസ്റ്റ് ഗ്രേഡിലാണ് പരിശീലനം നടത്തുന്ന ജോജുവിന് ചാമ്പ്യൻഷിപ്പുകൾ കീഴടക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ നവംബറിൽ നടന്ന രണ്ട് ചാമ്പ്യൻഷിപ്പുകളിൽ മെഡലുകൾ നേടിയെടുത്തതിനു പുറമേ നിരവധി സമ്മാനങ്ങളും നേട്ടങ്ങളും ജോജു കൈവരിച്ചിട്ടുണ്ട്. ഇതോടെ കോളേജിനു മാത്രമല്ല ഹൈറേഞ്ചിന്റെയും സ്റ്റാറായി മാറിയിരിക്കുകയാണ് 'കരാത്തെക്ക 'ജോജു.