തൊടുപുഴ : ജില്ലാ നെറ്റ്‌ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വെങ്ങല്ലൂർ മുനിസിപ്പൽ യുപി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നെറ്റ്‌ബോൾ സബ്ജൂനിയർ ഫാസ്റ്റ് 5 മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.ആൺകുട്ടികളുടെ വിഭാഗത്തിൽ ഒളിമ്പിയ യൂത്ത് ക്ലബ്ബ്, ജില്ലാ യൂത്ത് ക്ലബ്ബ്, സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ജില്ലാ യൂത്ത് ക്ലബ്ബ്, ഒളിമ്പിയ യൂത്ത്ക്ലബ്ബ്, സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂൾ എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം
പി.ഐ. റഫീഖ് സമ്മാനദാനം നിർവഹിച്ചു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ട്രഷറർ ലിഖിയ ഷാന്റോ പുൽപ്പറമ്പിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കായികാദ്ധ്യാപകരായ ശ്രീവിദ്യാ ആർ., അനു ഡെന്നീസ്, ബീന ജിമ്മി എന്നിവർ ആശംസകൾ നേർന്നു. ഡിസംബർ 22, 23 തീയതികളിൽ തൊടുപുഴയിൽ വച്ചു നടത്തുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്‌ബോൾ ഫാസ്റ്റ് 5 മത്സരങ്ങളിൽ പങ്കെടുക്കേണ്ട ജില്ലാ ടീം അംഗങ്ങളെ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്തു.