അടിമാലി: നിരീക്ഷണ ക്യാമറകളും,പൊലീസും എല്ലാം നിരീക്ഷണത്തിലുണ്ടെങ്കിലും അടിമാലി ടൗണിൽ ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് വെച്ച് പോകാമെന്നു വച്ചാൽ പണി പാളും. തിരികെ എത്തുമ്പോൾ ഹെൽമറ്റുണ്ടാകില്ലെന്നതാണ് ടൗണിലെ അവസ്ഥ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഹെൽമെറ്റുകളാണ് മോഷണം പോയിട്ടുള്ളത്. ബസ്സ് സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ഹെൽമറ്റ് മോഷ്ടിയ്ക്കുന്നതിന്റെ സി.സി.ക്യാമറ ദൃശ്യങ്ങൾ പ്രചരിച്ചെങ്കിലും കള്ളനെ പിടികൂടാനായിട്ടില്ല.സമീപകാലത്താണ് ഇത്തരത്തിലുള്ള മോഷണം പെരുകിയത്. ടൗണിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പലതും പ്രവർത്തനക്ഷമമല്ലാതായതോടെ മോഷണം വ്യാപകമായിട്ടുണ്ട്.പൊലീസിന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യംശക്തമായി.