രാജാക്കാട് :രാജാക്കാട്ടിൽ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്‌റ്റോറിൽ നിന്നും 12 ചാക്ക് ഏലക്കായ് മോഷണം പോയതിന്റെ അന്വേഷണം പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നെന്ന ആരോപണവുമായി ഏലയ്ക്കായ് ഉടമ ബിനോയി.സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടക്കുന്നതായി രാജാക്കാട് പൊലീസ് പറയമ്പോഴും നാളിതു വരെയായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല..2023 സെപ്തംബർ 3 ന് രാത്രിയിലാണ് ഏലക്കായ് മോഷണം പോയത്.രാജാക്കാട് ചെരുപുറം മുത്തനാട്ട് ബിനോയിയുടെ വീടിനോട് ചേർന്നുള്ള സ്റ്റോറിൽ ഉണക്കി സൂക്ഷിച്ചിരുന്ന ഏകദേശം 15 ലക്ഷത്തിന് മുകളിൽ വില വരുന്ന 12 ചാക്ക് ഏലക്കായ് ആണ് മോഷണം പോയത്.ബിനോയിയും കുടുംബവും ഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു.ബിനോയിയുടെ തൊഴിലാളികൾ കുറച്ച് മാറിയുളള തോട്ടത്തിലെ ഷെഡിലാണ് താമസിച്ചിരുന്നത്.തൊഴിലാളികൾ രണ്ടിന് വൈകിട്ട് വീടിനടുത്ത് തൊഴുത്തിലുള്ള പോത്തിൻ കിടാങ്ങൾക്ക് തീറ്റ നൽകിയ ശേഷം രാത്രി 8.30 ന് ശേഷമാണ് ഷെഡിലേക്ക് പോയത്.പിറ്റേന്ന് രാവിലെ എത്തിയപ്പോൾ സ്‌റ്റോറിൽ ഏലക്കായ് സൂക്ഷിച്ചിരിക്കുന്ന മുറിയുടെ വാതിലിലുളള പൂട്ട് തകർത്തിരിക്കുന്നത് കണ്ടതിനെ തുടർന്ന് ബിനോയിയെ വിവരമറിയിക്കുകയും തുടർന്ന് പരിശോധന നടത്തിയപ്പോൾ ഉണക്കി വച്ചിരുന്ന ഏലയ്ക്ക ചാക്കുകളിൽ 12 എണ്ണം മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി.ബിനോയി രാജാക്കാട് പൊലീസിൽ പരാതി നൽകി.പൊലീസ് നായയും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ
സൈബർ സെല്ലിന്റെ സഹായത്തോടെ സ്‌പെഷ്യൽ സ്‌ക്വാഡ് രൂപികരിച്ച് മോഷ്ടാക്കളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്തിയതായും രാജാക്കാട് പൊലീസ് വ്യക്തമാക്കിയിരുന്നു.മോഷണം നടന്ന ആദ്യ മൂന്നുമാസ കാലത്തുണ്ടായ കേസന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സ്‌പെഷ്യൽ ടീമിന് വച്ച് പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാക്കിയതെന്നും ബിനോയി പറഞ്ഞു.

നടപടികൾ പരോഗമിക്കുന്നു

സ്‌പെഷ്യൽ ടീം നടത്തിയ അന്വേഷണത്തെതുടർന്ന് ചോദ്യം ചെയ്ത് എത്രയും പെട്ടെന്ന് മോഷ്ടാക്കളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ പരോഗമിക്കമ്പോൾ, പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ജില്ല പൊലീസ് മേധാവിക്കും, ഹൈക്കോടതിയിലും പരാതി നൽകിയതിനെ തുടർന്നാണ് കേസിന്റെ തുടരന്വേഷണം വൈകുന്നത്., ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥർഅറിയിച്ചു