തൊടുപുഴ: പമ്പ- അച്ചൻകോവിൽ- വൈപ്പാർ നദി സംയോജന പദ്ധതിയെ കേരളം ശക്തമായി എതിർക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ദേശീയ ജല വികസന ഏജൻസിയുടെ നദീസംയോജന പദ്ധതികളുടെ പ്രത്യേക സമിതി യോഗത്തിന്റെ അജണ്ടയിൽ പമ്പ- അച്ചൻകോവിൽ- വൈപ്പാർ നദി സംയോജനം ഉൾപ്പെടുത്തിയത് ശരിയായ നടപടിയല്ല. പമ്പയും അച്ചൻകോവിൽ ആറും കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന നദികളാണ്. 63.4 കോടി ഘന മീറ്റർ വെള്ളം തമിഴ്നാട്ടിലേക്ക് ടണൽ വഴി തിരിച്ചു വിടുന്നതാണ് നിർദിഷ്ട പദ്ധതി. ഇത് അന്തർ സംസ്ഥാന നദിയല്ല. ജലം സംസ്ഥാന പട്ടികയിൽ ഉള്ളതാണ്. രണ്ടായിരത്തിലധികം ഹെക്ടർ വനഭൂമി വെള്ളത്തിനടിയിലാകും. ശുദ്ധജല തടാകമായ വേമ്പനാട്ടുകായലിൽ ഓരു വെള്ളത്തിന്റെ കടന്നുകയറ്റം രൂക്ഷമാകും. കുട്ടനാട് അടക്കമുള്ള മേഖലകളിൽ ദുരിതം ഇരട്ടിയാകും. പമ്പ കല്ലാറിൽ 150 മീറ്ററും അച്ചൻകോവിൽ കല്ലാറിൽ 150 മീറ്റർ ഉയരവുമുള്ള അണക്കെട്ടുകളും അച്ചൻകോവിൽ ആറ്റിൽ വേറെ മിനി ഡാമും നിർമ്മിച്ച് ടണൽ വഴി തിരിച്ചുവിടുന്നതാണ് പദ്ധതി. കേരളത്തോട് ആലോചിക്കാതെ അജണ്ട പോലും നിശ്ചയിച്ചത് ശരിയായ നടപടിയല്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് അറിയിക്കണം. കേരളത്തിന്റെ പരിസ്ഥിതിയെ തകർക്കുന്ന നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു.