
സംസ്ഥാനത്തെ ഏറ്റവും വലിയ ബോട്ട് ദുരന്തമായ തേക്കടി ബോട്ടപകടം നടന്ന് 15 വർഷം പിന്നിടുമ്പോൾ കേസിന്റെ വിചാരണ ആരംഭിക്കുന്നു. ഇന്ന് തൊടുപുഴ ഫോർത്ത് അഡീഷണൽ സെക്ഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങുന്നത്. 2009 സെപ്തംബർ 30 നായിരുന്നു കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ജലകന്യക മുങ്ങി 23 വനിതകളുമടക്കം 45 പേർ മരിച്ച തേക്കടി ദുരന്തമുണ്ടായത്. ഇരട്ട നിലയുള്ള കെ.ടി.ഡി.സിയുടെ പുതിയ ബോട്ട് 'ജല കന്യക' സർവീസ് ആരംഭിച്ച് ഏതാനും നാളുകൾക്കുള്ളിലാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4.30നുള്ള അവസാന ട്രിപ്പിൽ 82 വിനോദസഞ്ചാരികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. തേക്കടി ബോട്ട് ലാൻഡിംഗിൽ നിന്ന് ഏഴ് കിലോമീറ്റർ ദൂരെ മണക്കലും ജംഗ്ഷനിൽ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. ബോട്ട് പുറപ്പെട്ട് അര മണിക്കൂറിനുള്ളിലായിരുന്നു ദുരന്തം. നേവിയുടെ മുങ്ങൽ വിദഗ്ദ്ധർക്കൊപ്പം കുമളിയിലെ ടാക്സി ഡ്രൈവർമാരും പൊതുജനങ്ങളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. നാട്ടുകാരാണ് 26 മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരെല്ലാം 50 വയസിൽ താഴെയുള്ളവരായിരുന്നു. ഇതിൽ ഏഴിനും 14നും ഇടയിൽ പ്രായമുള്ള 13 കുട്ടികളുണ്ടായിരുന്നു. മരണപ്പെട്ടവരിലേറെയും തമിഴ്നാട്, ബാംഗ്ലൂർ, ആന്ധ്രാപ്രദേശ്, ഹൈദരാബാദ്, മുംബെയ്, ഹരിയാന, ന്യൂഡൽഹി, കൽക്കട്ട എന്നീ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
പിന്നെ എല്ലാം മുറപോലെ
ദുരന്തമുണ്ടായ 2009ൽ തന്നെ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിച്ചിരുന്നെങ്കിലും ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സർക്കാർ നിയമിച്ച പ്രോസിക്യൂട്ടറും 2021ൽ രാജിവച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ അന്ന് കേസ് പരിഗണിച്ച തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമർശനമുന്നയിച്ചതിനെ തുടർന്നാണ് 2022ൽ അഡ്വ. ഇ.എ. റഹീമിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. റഹീമാണ് ഇന്ന് ഹാജരാകുന്നത്. മുമ്പ് ഐ.ജിയായിരുന്ന ശ്രീലേഖയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് എസ്.പി പി.എ. വത്സനായിരുന്നു ആദ്യം കേസിന്റെ അന്വേഷണ ചുമതല. ബോട്ടിലെ ഡ്രൈവർ, ലാസ്‌കർ, ബോട്ട് ഇൻസ്‌പെക്ടർ തുടങ്ങിയവരെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ആദ്യഘട്ടത്തിൽ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് നൽകിയ ആദ്യ കുറ്റപത്രം കോടതി തള്ളി. തുടർന്ന് അഞ്ച് വർഷത്തോളം തുടരന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു ഏറ്റെടുത്തതോടെയാണ് കേസിൽ പുരോഗതിയുണ്ടായത്. 2014 ഡിസംബർ 24ന് തൊടുപുഴ നാലാം അഡീഷണൽ സെഷൻസ് കോടതി കുറ്റകൃത്യങ്ങൾ രണ്ട് തരത്തിലുണ്ടെന്ന് കണ്ടെത്തി. ഇത് തിരിച്ച് വെവ്വേറെ കുറ്റപത്രം നൽകാനും ഉത്തരവിട്ടു. കെ.ടി.ഡി.സിയുടെയും ടൂറിസം വകുപ്പിന്റെയും പങ്ക് അന്വേഷിക്കാത്തതും കോടതി നിരീക്ഷിച്ചു. തുടർന്ന് 2019 ആഗസ്റ്റിലും സെപ്തംബറിലുമായി എ, ബി എന്നിങ്ങനെ രണ്ട് കുറ്രപത്രങ്ങൾ സമർപ്പിച്ചു. അപകടത്തിൽ നേരിട്ടു ബന്ധമുള്ളവർക്ക് എതിരെയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ ചാർജ്). ബോട്ട് ഡ്രൈവർ, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ, ടിക്കറ്റ് നൽകിയവർ എന്നിവർ ഉൾപ്പെടെ ഏഴ് പേരാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ബോട്ട് നിർമിച്ച കെ.ടി.ഡി.സി ഉൾപ്പടെയുള്ളവർക്കുണ്ടായ വീഴ്ചകൾ രണ്ടാം കുറ്റപത്രത്തിലുണ്ട്. കേസിൽ ആറ് പ്രതികളും 309 സാക്ഷികളുമുണ്ട്. ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളില്ലായതിനാൽ ഇവരെ നാട്ടിലെത്തിക്കുകയെന്നതാണ് വലിയ വെല്ലുവിളി. ദുരന്തമുണ്ടായതിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീൻകുഞ്ഞിന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി സർക്കാറിന് 256 പേജുള്ള റിപ്പോർട്ട് നൽകിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.
അടിമുടി പാകപ്പിഴ
അമ്പതിൽ താഴെ സീറ്റിംഗ് കപ്പാസിറ്റിയുള്ള ബോട്ടിൽ ആളുകളെ കുത്തിനിറച്ചതും നിർമ്മാണത്തിലെ ഗൗരവമേറിയ പാകപ്പിഴകളുമാണ് അപകടത്തിന് കാരണമായതെന്ന് സർക്കാർ നിയോഗിച്ച സാങ്കേതിക വിദഗ്ദ്ധൻ ഡോ. പ്യാരിലാൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലുള്ള ഒരു കമ്പനിക്കാണ് ബോട്ട് നിർമ്മാണ കരാർ നൽകിയത്. പരിചയ സമ്പത്തില്ലാത്ത കമ്പനി നിർമ്മിച്ച ബോട്ടിൽ നിർമ്മാണ പിഴവുകൾ ഒട്ടേറെ. നീളവും വീതിയും കുറവുള്ള ബോട്ടിൽ ഇരുനില നിർമ്മിച്ചു, ബോട്ടിന്റെ ഒന്നാം നിലയിൽ ആളുകൾ നിൽക്കുന്ന പ്രതലത്തിന് താഴെയുള്ള തുറസായ ഹൾ ഭാഗത്ത് വേണ്ടത്ര ഭാരം കയറ്റിയില്ല, ബോട്ടിന് സ്റ്റബിലിറ്റി തീർത്തും ഇല്ലായിരുന്നു എന്നിവയാണ് പ്രധാന അപകടകാരണങ്ങളായത്. ഹള്ളിൽ ഭാരത്തിനായി കോൺക്രീറ്റാണ് നിറയ്ക്കുക. ഇങ്ങനെ കോൺക്രീറ്റ് നിറച്ച് ആകെ കയറ്റാവുന്ന ഭാരത്തിന്റെ ഇരട്ടിയിലധികം മണൽ ചാക്കും മറ്റും ഒരു വശത്ത് വച്ച് ബോട്ടിന്റെ വശങ്ങളിലേക്കുള്ള ചായ്‌വ് തിട്ടപ്പെടുന്നതാണ് സ്റ്റബിലിറ്റി പരിശോധന. അപകടത്തിന് ശേഷമുള്ള പരിശോധനയിൽ ബോട്ടിന് സ്റ്റബിലിറ്റി ഇല്ലെന്നും ഹള്ളിൽ വേണ്ടത്ര ഭാരം കോൺക്രീറ്റിംഗ് നടത്താഞ്ഞതിനാൽ ബോട്ടിനെ മേൽപ്പോട്ട് ഉയർത്താനുള്ള അപ് ലിഫ്‌റ്റിംഗ് ഫോഴ്സിനെ ചെറുക്കാനാകാത്തതും അപകടത്തിന്റെ പ്രധാന കാരണമായി. കൂനിൽമേൽ കുരുവായി ഇരുനില നിർമ്മിച്ച് ആളുകളെ കുത്തി നിറച്ചതും മറ്റൊരു കാരണമാണ്. സ്ഥിരതാ പരിശോധനയില്ലാതെ ബോട്ട് സർവീസ് നടത്തിയതും ഗുരുതര വീഴ്ചകളായി. കേട്ടുകേൾവിയില്ലാത്ത വീഴ്ചകളുടെ കൂമ്പാരത്തിൽ 45 ജീവനുകൾ പൊലിഞ്ഞിട്ടും കേസിൽ പ്രധാന പ്രതിയായതും പൊലീസിന്റെ മർദ്ദനമേറ്റതും ബോട്ട് ഡ്രൈവർക്കായിരുന്നു. ബോട്ട് നിർമ്മാണ കരാറിലെ അഴിമതി പുറത്ത് വന്നില്ലെന്നുള്ളതും ഏറെ ശ്രദ്ധേയമാണ്.