തൊടുപുഴ: ഓൺലൈൻ വ്യാപാര മേഖലയും ഭീമന്മാരായ മാളുകളുടെ തള്ളിക്കയറ്റവും വാടകയ്ക്ക് 18% ജിഎസ്ടി ഏർപ്പെടുത്തിയത് അടിക്കടി ഉണ്ടാവുന്ന വിലക്കയറ്റവും ചെറുകിട വ്യാപാര മേഖലയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കി. വൈദ്യുതി ചാർജ് കൂട്ടുന്നതിന് ബോർഡുകൾക്ക് അധികാരം നൽകുന്ന പുതിയ ബില്ല് കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും ചെറുകിട വ്യവസായ മേഖലയ്ക്കും കാർഷിക മേഖലയ്ക്കും നൽകുന്നതുപോലുള്ള ആനുകൂല്യങ്ങൾ വൈദ്യുതി ചാർജിലും ബാങ്ക് വായ്പയിലും ചെറുകിട വ്യാപാര മേഖലയ്ക്കും പ്രഖ്യാപിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണം. അതിലൂടെ കേരളത്തിലെ ചെറുകിട വ്യാപാര മേഖലയെ രക്ഷിക്കണമെന്നും വണ്ണപ്പുറം വ്യാപാര ഭവനിൽ കൂടിയ വ്യാപാരി വ്യവസായി ഏകോപനസമിതി തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.പി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി ജെ ചെറിയാൻ നിയോജക മണ്ഡലം ഓർഗനൈസർ സാലി എസ് മുഹമ്മദ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അശ്വതി മധു,വണ്ണപ്പുറം മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് സജി തുടങ്ങിയവർ സംസാരിച്ചു.