
കട്ടപ്പന:അടിമാലി കുമളി ദേശീയപാത വെട്ടിപ്പൊളിച്ച് ജല അതോറിറ്റി വിതരണ പൈപ്പ് സ്ഥാപിച്ചശേഷം കോൺക്ൺക്രീറ്റ് ചെയ്ത ഭാഗം വാഹനങ്ങൾക്ക് ഭീഷണി. ഇടുക്കിക്കവലയ്ക്കും വെള്ളയാംകുടിക്കുമിടയിൽ ടി.വിഎസ് ഷോറൂമിനുസമീപമാണ് അപകടഭീഷണി. കഴിഞ്ഞദിവസം ഇവിടെ സ്‌കൂട്ടർ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റിരുന്നു.ഏതാനും മാസങ്ങൾക്ക് മുമ്പാണ് റോഡിനുകുറുകെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചത്. കുഴി മൂടാത്തത് അപകടങ്ങൾക്ക് കാരണമായിരുന്നു. ഇതോടെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നുവന്നു.പിന്നീട് രണ്ടുതവണ കോൺക്രീറ്റ് ചെയ്‌തെങ്കിലും ആഴ്ചകൾക്ക് ശേഷം ഭീമൻ ഗർത്തം രൂപപ്പെട്ടു. പൗരസമിതിയും വിവിധ സംഘടനകളും പ്രതിഷേധിച്ചതോടെ വീണ്ടും കോൺൺക്രീറ്റ് ചെയ്ത് അറ്റകുറ്റപ്പണി നടത്തി. അറ്റകുറ്റപ്പണിക്കായി വന്ന ടിപ്പർ ലോറി കയറ്റിയിറക്കിയാണ് കോൺക്രീറ്റ് ഉറപ്പിച്ചത്. എന്നാൽ ഈഭാഗം ഹംപ് മാതൃകയിൽ ഉയർന്ന് നിൽക്കുന്നതാണ് ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പടെ നിലവിൽ ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറോടെയാണ് കാണക്കാലിപ്പടി നടയ്ക്കൽ പ്രീതി തോമസ് ഓടിച്ച സ്‌കൂട്ടർ ഇവിടെ അപകടത്തിൽപ്പെട്ടത്. ഇവരുടെ വലത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയ നടത്തേണ്ടി വന്നു.
=കോൺക്രീറ്റ് റോഡിൽ നിന്ന് ഉയർന്നുനിൽക്കുന്നത് അകലെനിന്ന് ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടില്ല. വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതും അപകടമുണ്ടാക്കുന്നു.