പന്നൂരിലും കഞ്ഞിക്കുഴിയിലും യു. ഡി. എഫിന് വിജയം

തൊടുപുഴ: ജില്ലയിൽ രണ്ടിടത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പും കോൺഗ്രസ് കൈപ്പിടിയിലൊതുക്കി. കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ വാർഡിലേക്കും ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി ഡിവിഷനിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യു.ഡി.എഫ്.സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പന്നൂർ വാർഡ് യു.ഡി.എഫ് പിടിച്ചതോടെ എൽ.ഡി.എഫിന് ഒരു സീറ്റ് നഷ്ടമായി. ഇതോടെ കരിമണ്ണൂർ പഞ്ചായത്തിൽ ഭരണമാറ്റം ഉണ്ടായേക്കും. മുമ്പ് ഇടത് സ്വതന്ത്രനാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. യു.ഡി.എഫാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കുന്നത്. കഞ്ഞിക്കുഴിയിൽ നിന്ന് മുമ്പ് യു.ഡി.എഫ് പ്രതിനിധിയാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. കൂറുമാറ്റത്തിന്റെ പേരിൽ രണ്ടിടത്തും ജനപ്രതിനിധികളെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഏൻ. ദിലീപ് കുമാർ 177 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ദിലീപിന് 410 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജയിൻ അഗസ്റ്റ്യന് 233 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി അനിൽ ചന്ദ്രന് 93 വോട്ടുകളും ലഭിച്ചു. കഴിഞ്ഞതവണ പന്നൂർ വാർഡിൽ ഇടതു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ദേവസ്യ ദേവസ്യ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ പോൾ ചെയ്തതിന്റെ പകുതിയിലധികം വോട്ടുകൾ നേടിയാണ് യു.ഡി.എഫ് സ്ഥാനാർഥി സാന്ദ്രാമോൾ ജിന്നി വിജയിച്ചത്. ആകെ പോൾ ചെയ്തത് 3965 വോട്ടുകളാണ്. ഇതിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 2146 വോട്ടുകൾ ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ കേരള കോൺഗ്രസിലെ (എം) സിൻസി ജോബിക്ക് 1393 വോട്ടുകളും ബി.ജെ.പി സ്ഥാനാർത്ഥി സിന്ധു സുനിലിന് 426 വോട്ടുകളും ലഭിച്ചു. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ പോളിംഗ് ശതമാനം കുത്തനെ കുറഞ്ഞിരുന്നു. 48.82 ശതമാനമായിരുന്നു പോളിംഗ്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട്, കീരിത്തോട്, അഞ്ചുകുടി, കഞ്ഞിക്കുഴി, പുന്നയാർ, വാകച്ചുവട് എന്നിങ്ങനെ ആറ് വാർഡുകൾ ചേർന്നതാണ് കഞ്ഞിക്കുഴി ഡിവിഷൻ. നിലവിലുണ്ടായിരുന്ന അംഗം യു.ഡി.എഫ്.പാനലിൽ നിന്ന് വിജയിച്ച രാജി ചന്ദ്രൻ കൂറുമാറി എൽ.ഡി.എഫിൽ ചേർന്നതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

എൽ.ഡി.എഫിന് ഭരണം നഷ്ടമാകും

പന്നൂരിൽ ദിലീപിന്റ വിജയത്തോടെ കരിമണ്ണൂർ പഞ്ചായത്തിൽ എൽ.ഡി.എഫ്- ആറ് യു.ഡി.എഫ്- ഏഴ്, ജനാധിപത്യ കേളാകോൺഗ്രസ്- ഒന്ന് എന്നാണ് കക്ഷിനില. ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റത്തിന് സാദ്ധ്യതയേറി. ജനാധിപത്യ കേളാകോൺഗ്രസ് അംഗമാണ് വൈസ് പ്രസിഡന്റ്. ഇദ്ദേഹത്തിന് യു.ഡി.എഫ് പിന്തുണയുണ്ട്. കഴിഞ്ഞ തവണ പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും പകുതിയിൽ കൂടുതൽ അംഗങ്ങളുടെ പിന്തുണ കിട്ടാത്തതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.

ഉപതെരഞ്ഞടുപ്പ് :

സി.പി.എമ്മിനേറ്റ

പ്രഹരം: സി.പി. മാത്യു


തൊടുപുഴ: . എട്ടു വർഷത്തിലധികമായി ജനദ്രോഹ ഭരണം കൊണ്ട് ജീവിതം പൊറുതി മുട്ടിയ ജനതയുടെ പ്രതിഷേധമാണ് കേരളത്തിലെ ഉപതെരഞ്ഞടുപ്പുകളുടെ ഫലമെന്നു ഡിസിസി പ്രസിഡന്റ് സി.പി മാത്യു പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെവിജയം കാലുമാറ്റ രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണെന്നും സി.പി.എംന്റെ മുഖത്തേറ്റ പ്രഹരമായി മാത്രമേ കാണാൻ കഴിയുകയുള്ളുവെന്നും ഡി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.