മൂന്നാർ: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മൂന്നാറിനെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കാനുള്ള കർമ്മ പരിപാടികൾക്ക് ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രൂപം നൽകി. പ്രധാന ടൂറിസം കേന്ദ്രം കൂടിയായ മൂന്നാറിന്റെ എല്ലാ മാലിന്യ പ്രശ്നങ്ങൾ കളക്ടറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സമിതി വിശദമായി ചർച്ച ചെയ്തു. മൂന്നാറിലെ ശുചീകരണ തൊഴിലാളികളുടെയും ഹരിത കർമ്മസേനയുടെയും പ്രവർത്തനം കാര്യക്ഷമമാക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ചു തന്നെ ഉറവിടത്തിൽ നിന്നും ശേഖരിക്കും. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വാഹനത്തിൽ ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇടകലരാത്ത വിധം അറകൾ നിർമ്മിക്കണമെന്ന് ജില്ലാ കളക്ടർ മൂന്നാർ ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി. വീഴ്ച വരുത്തുന്ന തൊഴിലാളികൾ/ വീടുകൾ/ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ കർശന നടപടിയെടുക്കാനും കളക്ടർ നിർദ്ദേശം നൽകി. കൂടാതെ കോളനി നിവാസികൾക്ക് ബോധവത്കരണം നൽകും. സബ്കളക്ടർ വി.എം. ജയകൃഷ്ണൻ, ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, ശുചിത്വ മിഷൻ കോർഡിനേറ്റർ കെ.ആർ. ഭാഗ്യരാജ്, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം ഓഫീസർ ബിൻസ് സി. തോമസ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ സി.ആർ. മിനി, എക്സിക്യൂട്ടീവ് എൻജിനീയർ സാറാ സൂര്യ ജോർജ് എന്നിവരും പങ്കെടുത്തു. മൂന്നാർ ടൗണിലെ മാലിന്യ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്ട്രീറ്റ് നടത്തം നടത്തി. പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലിന്റെ സമീപത്ത് നിന്നുമാരംഭിച്ച നടത്തം മൂന്നാർ ഹൈ ആൾട്ടിറ്റിയൂഡ് ട്രയിനിങ് സെന്ററിൽ അവസാനിച്ചു.
കോളനികളിൽ പൊതു കളക്ഷൻ പോയിന്റുകൾ
കോളനികളിൽ പൊതുകളക്ഷൻ പോയിന്റുകൾ നിശ്ചയിക്കും. ഉൾപ്രദേശങ്ങളിൽ കമ്മ്യൂണിറ്റി ബയോസ്‌കുകൾ സ്ഥാപിക്കും. സാധ്യമായ സ്ഥലങ്ങളിൽ നിന്നെല്ലാം ജൈവമാലിന്യം ദിവസേന ശേഖരിക്കും. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തരംതിരിച്ച് പ്രത്യേകം നിക്ഷേപിക്കാനുള്ള ലേബൽ ചെയ്ത ബിന്നുകൾ സ്ഥാപിക്കും. മാലിന്യങ്ങൾ വലിച്ചെറിയാൻ സാധ്യതയുള്ള പൊതുസ്ഥലങ്ങളിലെല്ലാം ക്യാമറകൾ ക്രമീകരിക്കും.
കണ്ണൻദേവൻ കമ്പനിയുടെ ഉറപ്പ്
കെ.ഡി.എച്ച്.പിയുടെ കീഴിലുള്ള പ്രദേശങ്ങളിലെ മാലിന്യം തരംതിരിച്ച് കമ്പനി തന്നെ ആർ.ആർ.എഫിൽ എത്തിക്കും. ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഒഴിവാക്കി മൊത്തം വീടുകളുടെ എണ്ണം കണക്കാക്കി യൂസർ ഫീയുടെ 60% പഞ്ചായത്തിൽ അടയ്ക്കുന്നതിനും തീരുമാനമായി. ഇരവികുളം പാർക്കിന് സമീപത്തെ മലിനീകരണത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാനും പഞ്ചായത്തിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.