തൊടുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പോഷക സംഘടനയായ വ്യാപാരി ക്ലബ്38 സംഘടിപ്പിക്കുന്ന പ്രഥമ പി.ജെ.മാത്യു പന്തക്കൽ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് ഞായറാഴ്ച രാവിലെ എട്ട് മുതൽ തെക്കുംഭാഗം ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ വാ‌ർത്തസമ്മേളനത്തിൽ അറിയിച്ചു. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരണിയിൽ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്യും..തൊടുപുഴയിലെ എട്ട് ഡിപ്പാർട്ട്‌മെന്റ് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇടുക്കി പ്രസ്‌ക്ലബ് ടീം, വ്യാപാരി ക്ലബ്38 ടീം, സിവിൽ സർവീസ് ടീം, ഹെൽത്ത് ടീം, കേരള പൊലീസ് ടീം, എക്‌സൈസ് ടീം, കെ.എസ്.ഇ.ബി.ടീം, ലോയേഴ്സ് ടീം എന്നിവരാണ് പങ്കെടുക്കുന്നത്. കായിക രംഗത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രതിഭകളെ സഹായിക്കുന്നതിനുകൂടിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
രണ്ട് പൂളുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ഓരോ പൂളുകളിലെയും വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും. ആകെ 13 മത്സരങ്ങളാണ് നടക്കുന്നത്. വിജയികൾക്ക് 10,001 രൂപയും എവർറോളിങ് ട്രോഫിയുമാണ് സമ്മാനം. റണ്ണറപ്പിന് 5001 രൂപയും ട്രോഫിയും ലഭിക്കും. വാർത്താസമ്മേളനത്തിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരണിയിൽ, ജനറൽ സെക്രട്ടറി സി.കെ.നവാസ്, വ്യാപാരി ക്ലബ്38 പ്രസിഡന്റ് ഷെരീഫ് സർഗം, സെക്രട്ടറി ഷെമീർ ഫിഫ, ട്രഷറർ പ്രകാശ് എന്നിവർ പങ്കെടുത്തു.