muttom-court

മുട്ടം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മുട്ടം പഞ്ചായത്തിലെ ജില്ലാ കോടതി കോംപ്ലക്സ് ഹരിത സ്ഥാപനമാകാൻ തയ്യാറാകുന്നു.ജനുവരി ഒന്നിന് ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചുകൊണ്ട് ഹരിതസ്ഥാപന പ്രഖ്യാപനം നടത്താൻ ജില്ലാ ജഡ്ജി പി.എസ്.ശശികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.ഇതിന്റെ ഭാഗമായി മാലിന്യങ്ങൾ അജൈവം,ജൈവം എന്നിങ്ങനെ തരം തിരിച്ച് ശേഖരിക്കും.അജൈവ പാഴ്വസ്തുക്കൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറും. പഞ്ചായത്ത്, ശുചിത്വ മിഷൻ എന്നിവയുമായി ആലോചിച്ച് ജൈവ മാലിന്യം സംസ്‌കരിക്കുന്നതിന് ഉപാധികളൊരുക്കും. പേപ്പറുകളും മറ്റും സ്റ്റേഷനറി വകുപ്പിന് തിരികെ നൽകും. സാദ്ധ്യമായില്ലെങ്കിൽ അതും ഹരിതകർമസേനയ്ക്ക് നൽകും.ജില്ലാ കോടതി സമുച്ചയത്തിനുള്ളിൽ മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട നിയമലംഘനം ശ്രദ്ധയിൽപ്പെടുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ജഡ്ജി യോഗത്തിൽ അറിയിച്ചു.ജില്ലയിലെ ഏറ്റവും മികച്ച ഹരിതസ്ഥാപനമാക്കി ജില്ലാ കോടതി സമുച്ചയത്തെ മാറ്റാൻ തീരുമാനിച്ചു.ജില്ലാ കോടതി ഹാളിൽ നടന്ന യോഗത്തിൽ ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ:അജയ് പി. കൃഷ്ണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ വിശദീകരിച്ചു. ഹരിത കേരള മിഷൻ ബ്ലോക്ക് ആർ. പി. അലീന ബെന്നി വിഷയം അവതരിപ്പിച്ചു. ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി അരവിന്ദ് ബി എടയോടി, തൊടുപുഴ മുൻസിഫ്, നിമിഷ അരുൺ, പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ ബിജു, ശിരസ്തദാർ എം.ബി.പ്രീതമണി, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം ബിജു സെബാസ്റ്റ്യൻ,കെ.സി.ജെ.എസ്.ഒ.ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഴക്കര, കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രതിനിധി കെ.എം. ബാബു, കേരള ലോയേഴ്സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി വി.കെ. ജിജിമോൻ മുട്ടം പഞ്ചായത്തംഗങ്ങൾ,കോടതി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.