തൊടുപുഴ: ജില്ലയുടെ ലോറേഞ്ച് മേഖല ലഹരി മാഫിയയുടെ ഹബ്ബായി മാറുന്നു. നേരത്തെ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിലായിരുന്നു കൂടുതൽ നിരന്തരമായി കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടിയിരുന്നത്. എന്നാൽ അടുത്തിടെ പിടികൂടുന്ന ലഹരിയിലേറെയും ലോറേഞ്ചിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി വൻ ലഹരി വേട്ടകളാണ് ജില്ലയിൽ നടന്നത്. പെരുമ്പിള്ളിച്ചിറയിൽ നിന്ന് 40 കിലോ കഞ്ചാവ് പിടികൂടിയതടക്കം ഇതിൽപെടും. ഏറ്റവും ഒടുവിലെ സംഭവമാണ് മുട്ടത്ത് നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയ സംഭവം. അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആഡംബര കാറുകൾ ഉപയോഗിച്ചാണ് ലഹരി കടത്തുന്നത്. ഒരേ സമയം വിവിധ കാറുകൾ ഇവർ കടത്തലിനായി ഉപയോഗിക്കും. കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. ഏതെങ്കിലും വിധത്തിൽ ലഹരി കൊണ്ടുവരുന്ന കാറിന്റെ വിവരം ചോർന്നാൽ ഉടനെ റൂട്ടിൽ മറ്റൊരു വാഹനമെത്തും. ഇതിലേക്ക് സാധനം മാറ്റും. വാഹനത്തിന്റെ നമ്പർ നോക്കി പിടിക്കാൻ നിൽക്കുന്ന അധികൃതരുടെ പദ്ധതി ഇതോടെ പാളും. സമാന രീതിയിൽ ബൈക്ക് മാർഗവും സംഘങ്ങൾ ലഹരി കടത്തുന്നുണ്ട്.

സ്പെഷ്യൽ

ഡ്രൈവുമായി എക്സൈസ്

ക്രിസ്തുമസ് പുതുവത്സരാഘോഷക്കാലത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും ജില്ലയിലെ എൻഫോഴ്സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുമായി എക്‌സൈസ് വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ കൺട്രോൾ റൂമിൽ അറിയിക്കാം. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്സ് ടീമിനെ നിയമിച്ചതായി ഇടുക്കി ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു.

സ്‌പെഷ്യൽ ഡ്രൈവ് പ്രവർത്തനങ്ങൾ

1. ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന

4. ജില്ലാ ഹെഡ് ക്വാട്ടേഴ്സിൽ കൺട്രോൾ റൂം

2. തമിഴ്നാട് അതിർത്തി മേഖലയിൽ പരിശോധന

3. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, എക്‌സൈസ് സംയുക്ത പരിശോധന

4. മിന്നൽ പരിശോധന, പട്രോളിംഗ്, റെയ്ഡ്‌

എക്സൈസിനെ വിളിച്ചാൽ കിട്ടില്ല

എക്സൈസ് ഓഫീസിലും ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ചാൽ കിട്ടില്ലെന്ന പരാതി വ്യാപകമാണ്. കഴിഞ്ഞ ദിവസം പെരുമ്പിള്ളിച്ചിറയിൽ കഞ്ചാവ് പിടികൂടിയതറിഞ്ഞ് വിവരങ്ങൾ തിരക്കാൻ മാദ്ധ്യമപ്രവർത്തകർ വിളിച്ചപ്പോൾ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെയാരെയും ഫോണിൽ ലഭിച്ചില്ല. വൈകിട്ടായാൽ ലാൻഡ് ലൈൻ നമ്പറിൽ വിളിച്ചാലും ആരുമെടുക്കില്ല. ചില ഉദ്യോഗസ്ഥരുടെ ഒഫിഷ്യൽ നമ്പർ പോലും പലസമയത്തും സ്വിച്ച് ഓഫാണെന്ന് പരാതിയുണ്ട്.