
കട്ടപ്പന: വലിയതോവാള ശ്രീദേവി ശാസ്താ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലസ്ഥാപനകർമ്മം നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്നു. വലിയതോവാള ശാഖയുടെ നേതൃത്വത്തിൽ നിലവിലുണ്ടായിരുന്ന ക്ഷേത്രത്തിന് പകരം പുതിയ ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭാരതത്തിലെ പുരാതന ക്ഷേത്ര നിർമ്മാണ വിധികൾ യഥാവിധി പാലിച്ചുകൊണ്ട് മഹാക്ഷേത്രങ്ങളുടെ മാതൃകയിലാണ് വലിയതോവാളയിൽ ക്ഷേത്രസമുച്ചയം നിർമ്മിക്കുന്നത്. ക്ഷേത്രങ്ങൾ, ലോകാചാര്യനായ ശ്രീനാരായണ ഗുരുദേവന്റെ സങ്കല്പത്തിന് അനുസരിച്ച് ജാതിഭേദവും മതദ്വേഷവും ഏതുമില്ലാതെ മാനവ സമൂഹത്തിന് ആരാധന നടത്താനും അറിവ് നേടാനുള്ള പുണ്യകേന്ദ്രമാണെന്നും എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലഘട്ടത്തിന്റെ ചരിത്രവും ക്ഷേത്രത്തിന്റെ ചരിത്രവും നാടിന്റെ പുരോഗതിയിലും ഇഴപിരിയാതെ നിൽക്കുന്ന ഈ ക്ഷേത്ര സങ്കേതം ഒരു പുണ്യ കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു. കാമാക്ഷി അന്നപൂർണേശ്വരി ഗുരുകുലം താന്ത്രിക ആചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി ടി.ജി. വിനീത് ശാന്തികളുടെയും കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിന്റെ ചുറ്റമ്പല ശിലാസ്ഥാപന കർമ്മം യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ബിജു മാടത്താനിക്കുന്നേൽ, സെക്രട്ടറി ഷാജി മരുതോലിൽ, സന്തോഷ് പാലൂത്തറ, സുരേഷ് ഇട്ടിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. യൂണിയൻ കൗൺസിലർ കെ.കെ. രാജേഷ്, ജി.സത്യൻ, റെജി ഐക്കര, മുനിദാസ്, രാജു മന്നക്കുടി, ശാഖാ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബയോഗം, കുമാരി സംഘം, മേഖല കമ്മിറ്റി ഭാരവാഹികൾ എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.