
ക്യാമ്പസിൽ നക്ഷത്രഗ്രാമവും ഭീമൻ ക്രിസ്മസ് പാപ്പായേയും ഒരുക്കി ജെപിഎം കോളേജ്.
കട്ടപ്പന : ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിലേക്ക് നാടും നഗരവും പ്രവേശിക്കുമ്പോൾ ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ വ്യത്യസ്തമാക്കുകയാണ് ജെ. പി. എം. കോളേജിലെ വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾ നിർമ്മിച്ച വർണ്ണാഭമായ നക്ഷത്രങ്ങളാണ് ഈ വർഷത്തെ പ്രധാനസവിശേഷത. ഒപ്പം അതിനു മാറ്റുകൂട്ടികൊണ്ട് കോളേജ് ക്യാമ്പസിൽ മലയോര ഹൈവേയോട് ചേർന്ന് ഭീമൻ ക്രിസ്മസ് പാപ്പായേ
യും ഒരുക്കി. കൂട്ടുകാർ ഒത്തുചേർന്ന് മുളങ്കമ്പുകളും വൃക്ഷത്തലപ്പുകളും തുണി, കടലാസുകളും ഉപയോഗിച്ച് ആകർഷകമായ നക്ഷത്രങ്ങൾ നിർമ്മിച്ചിരുന്ന കാലത്തുനിന്നും റെഡിമെയ്ഡ് നക്ഷത്രങ്ങളിലേക്ക് മാറിയപ്പോഴും ക്രിസ്തുമസ് നക്ഷത്രനിർമ്മാണത്തിന്റെ സന്തോഷം വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് 'നക്ഷത്ര ഗ്രാമം' എന്ന ആശയം കോളേജ് വിദ്യാർത്ഥികൾ തന്നെ മുന്നോട്ടുവച്ചത്.
ഒരോ ഡിപ്പാർട്ടുമെന്റിലും അദ്ധ്യാപകരുടെ നിർദ്ദേശാനുസരണം പൂർണ്ണമായും കൈകൾകൊണ്ട് നിർമ്മിച്ച നക്ഷത്രവിളക്കുകളാണ് തയ്യാറായിരിക്കുന്നത്. നയനമനോഹരമായ് അണിയിച്ചൊരുക്കിയ നക്ഷത്രങ്ങൾ പോയകാലത്തിന്റെ നല്ല ഓർമ്മകളിലേക്ക് മുതിർന്നതലമുറയെ കൂട്ടിക്കൊണ്ടു പോകുന്നതോടൊപ്പം പുതിയതലമുറയ്ക്ക് അത് കൈമോശം സംഭവിക്കാതിരിക്കുവാനും സഹായകമായെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പറഞ്ഞു.
നക്ഷത്രഗ്രാമനിർമ്മാണത്തിന് കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി.,പ്രോഗ്രാം കോഓഡിനേറ്റർ ജോജിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി. നിർമ്മാണ പൂർത്തിയാകുന്ന കുട്ടിക്കാനം പുളിയന്മല മലയോര ഹൈവേയിൽ ലബ്ബക്കടയിൽ ജെപിഎം ബി എഡ് കോളേജിന്റെ സമീപത്താണ് ഭീമൻ ക്രിസ്മസ് പാപ്പായെ നിർമ്മിച്ചിരിക്കുന്നത്.
22 അടിയിലധികം ഉയരമുള്ള സാന്താക്ലോസാണ് ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്. ജെപിഎം കോളേജിലെ സ്ഥിരം ശില്പിയായ മറ്റപ്പള്ളി തകിടിയേൽ മാത്യുവാണ് ഭീമൻ സാന്താക്ലോസ് നിർമ്മിച്ചത്. കഴിഞ്ഞ ക്രിസ്മസിന് 15 അടി ഉയരമുള്ള സാന്താക്ലോസിനെയാണ് മാത്യു ജെപിഎം കോളജിനായി നിർമ്മിച്ചത്. തുടർന്ന് വിദ്യാർത്ഥികളുടെ ആവശ്യപ്രകാരം ഇത്തവണ 22 അടിയായി നിർമ്മിക്കുകയായിരുന്നു. തടിയും തുണിയും കാർഡബോർഡും മറ്റും ഉപയോഗിച്ചാണ് ഭീമൻ സാന്താക്ലോസിന്റെ നിർമ്മാണ പൂർത്തിയാക്കിയത്. ഏതാനും മിനുക്ക് പണികൾ കൂടി കഴിഞ്ഞാൽ പൂർണ്ണരൂപത്തിലുള്ള ഭീമൻ സാന്താക്ലോസ് മലയോര ഹൈവേയിലൂടെ കടന്നു വരുന്നവർക്ക് ക്രിസ്മസിന്റെ കൗതുക കാഴ്ച സമ്മാനിക്കും.