tree

മുട്ടം: മുട്ടം ടാക്സി സ്റ്റാൻഡിലെ തണൽ മരങ്ങൾ മുറിച്ചു നീക്കാനുള്ള ശ്രമം ടാക്സി ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരാണ് മുട്ടം ടാക്സി സ്റ്റാൻഡിലെ തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാൻ എത്തിയത്. എന്നാൽ അത് തണൽ മരങ്ങളാണെന്നും ശിഖരങ്ങൾ മുറിച്ചുമാറ്റരുതെന്നുമുള്ള നിലപാടിലായിരുന്നു ടാക്സി ഡ്രൈവർമാർ. ഇതിന് മുമ്പ് ഇത്തരം ഒരു നീക്കം നടക്കുന്നതറിഞ്ഞ് ടാക്സി ഡ്രൈവർമാർ മുട്ടം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ടാക്സി ഡ്രൈവർമാരുടെ എതിർപ്പിനെ തുടർന്ന് മുട്ടം പൊലീസ് സ്ഥലത്തെത്തുകയും മരം മുറിക്കുന്നത് നിറുത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിരവധി ബസുകൾ കടന്നു പോകുന്നതും നിരവധി യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതുമായ ഇടമാണ് മുട്ടം ടാക്സി സ്റ്റാൻഡ്. ഇവിടെ ബസ് കാത്തുനിൽക്കുന്നവർക്കും ടാക്സി ഡ്രൈവർമാർക്കും ഈ തണൽ മരങ്ങൾ കടുത്ത വെയിലിൽ നിന്ന് വലിയ ആശ്വാസം നൽകുന്നുണ്ട്. ഇവിടെ തണൽ നൽകുന്ന മരങ്ങളുടെ ശിഖരങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുകളിലേക്ക് എത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ മുറിച്ചു നീക്കാൻ ശ്രമം നടത്തിയത്.