മുട്ടം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിന്ന് 7.65 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും എക്സൈസ് പിടികൂടി. വള്ളിപ്പാറ സ്വദേശി ഇലഞ്ഞിത്തൊട്ടിപ്ലാക്കൽ സിറിൽ ജോൺസന്റെ പുരയിടത്തിൽ നിന്ന് ഗ്യാസ് സിലിണ്ടറിലും വീപ്പയിലും നിറച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. എന്നാൽ സംഭത്തിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. വിപണിയിൽ നാല് ലക്ഷം രൂപയോളം വില വരുന്ന ലഹരിയാണ് പിടികൂടിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1.650 കിലോഗ്രാം കഞ്ചാവും 785 ഗ്രാം ഹാഷിഷ് ഓയിലുമായി സിറിലിനെ എക്സൈസ് പിടികൂടിയിരുന്നു. തുടർന്ന് കോടതി റിമാൻഡ് ചെയ്തിരുന്നു. ആദിവാസി യുവാവായ സിറിളിനെ എക്സൈസ് കള്ളക്കേസിൽ കുടുക്കിയതാണെന്ന് ആരോപിച്ച് അന്ന് പരാതി നൽകിയിരുന്നു. ഈ സംഭവത്തിൽ തുടരന്വേഷണം നടന്നു വരികയാണ്. പ്രദേശിക തലത്തിൽ ജനപ്രതിനിധികളുടെ ഉൾപ്പെടെ നേതൃത്വത്തിൽ നൽകിയ കൂട്ട ഹർജയുടെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം നടക്കുന്നത്. ഈ സംഭവവും ആസൂത്രിതമാണെന്നാണ് ആക്ഷൻ കൗൺസിലിന്റെ പക്ഷം. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ ലാലിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡാണ് റെയ്ഡിന് നേതൃത്വം നൽകിയത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ കേസിന്റെ വ്യക്തമായ വിവരം അറിയാൻ കഴിയൂവെന്ന് അധികൃതർ പറഞ്ഞു.