vandi

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപ്പണി നടത്താൻ തമിഴ്നാടിന് കേരളത്തിന്റെ അനുമതി ലഭിച്ചതോടെ തുടർ നടപടി ഉടൻ ആരംഭിക്കും. കേരളത്തെ അറിയിക്കാതെ അറ്റകുറ്റപ്പണികൾ നടത്തുന്നത് വിവാദമായതിനെത്തുടർന്നാണ് . തമിഴ്നാട് ഔദ്യോഗികമായി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയത്. ഇരു സംസ്ഥാന മുഖ്യമന്ത്രിമാരുംകണ്ട്മുട്ടുന്ന വൈക്കത്ത്വച്ച് പ്രശ്നം ചർച്ചചെയ്യുമെന്ന് കരുതിയെങ്കിലും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥ തല നടപടികളിലൂടെ പരിഹാരം കാണുകയായിരുന്നു. സംസ്ഥാന അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അനുമതി നൽകി ഉത്തരവിറക്കിയത്.കഴിഞ്ഞ ദിവസം വനംവകുപ്പിന്റെ വള്ളക്കടവ് ചെക്ക്പോസ്റ്റ് വഴി മുല്ലപ്പെരിയാർ ഡാമിലേയ്ക്ക് മെയിനൻസിനായി തമിഴ്നാട് കൊണ്ടുവന്ന എം. സാന്റുമായി വന്ന ലോറികൾ തടഞ്ഞിട്ടിരുന്നു.

പെരിയാർ ടൈഗർ റിസർവ്വിലൂടെ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ മുൻകൂട്ടി അനുവാദം വാങ്ങണം.ഈ അനുമതി ഇല്ലാതെയാണ് തമിഴ്നാട് വാഹനങ്ങൾ എം സാന്റുമായി എത്തിയത്. സംസ്ഥാന ജലവിഭവ മന്ത്രിയാണ് അനുമതിശുപാർശ ചെയ്യേണ്ടത്. ചെക്ക് പോസ്റ്റിൽ വനം വകുപ്പ് തടഞ്ഞപ്പോഴാണ് തമിഴ്നാട് അനുമതിക്കായി എത്തിയത്.എന്തെല്ലാം അറ്റകുറ്റപ്പണികളാണ് നടത്തുന്നത് എന്ന് വ്യക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥർ നൽകാൻ ഇത് വ്യക്തമാക്കാൻ തയ്യാറായില്ല.ദിവസങ്ങളോളം കാത്ത് കിടന്ന ശേഷം എം. സാന്റ് മറ്റൊരിടത്ത് ഇറക്കി ലോറി തിരികെകൊണ്ടുപോവുകയായിരുന്നു.

=ഏഴ് നിബന്ധനകളോടെയാണ് കേരളം അനുമതി നൽകിയത്. പുതിയ നിർമ്മാണങ്ങൾ നടത്തരുത്, എം.ഐ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്നവരുടെയോ സാന്നിദ്ധ്യത്തിലാകണം, നിർമ്മാണ സാമഗ്രികൾ കൊണ്ടുപോകുമ്പോൾ വനനിയമങ്ങൾ പാലിക്കണം, മറ്റ് സാമഗ്രികളൊന്നും ഡാം സൈറ്റിൽ കൊണ്ടുവരരുത് തുടങ്ങിയവയാണ് നിബന്ധനകൾ.

ഡാം കേരളത്തിൽ,

വെള്ളം തമിഴ്നാടിന്


ശർക്കരയും കരിമ്പിൻനീരും മുട്ടവെള്ളയും ചുണ്ണാമ്പും ചേർത്ത സുർക്കി ചാന്തിൽ കരിങ്കല്ല് കെട്ടിയുണ്ടാക്കിയതാണ് അണ്‌ക്കെട്ട്. 152 അടി ഉയരവും 1200 അടി നീളവുമുള്ള പ്രധാന ഡാം, 240 അടി നീളവും 115 അടി ഉയരവുമുള്ള ബേബി ഡാം, 240 അടി നീളവും 20 അടി വീതിയുമുള്ള എർത്ത് ഡാം എന്നിവ ചേർന്നതാണ് അണക്കെട്ട്. സ്പിൽവേയിൽ 13 ഷട്ടറുകളുണ്ട്.

ഡാം നിർമ്മിച്ചതോടെയാണ് തേക്കടി തടാകമുണ്ടായത്. തേക്കടിയിൽ നിന്ന് രണ്ട് കിലോമീറ്റർ തുരങ്കത്തിലൂടെയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. കുളങ്ങളിലും വൈഗ അണക്കെട്ടിലും സംഭരിക്കുന്ന ഈ വെള്ളമാണ് തേനി, മധുര, ഡിണ്ടിഗൽ, രാംനാട്, ശിവഗംഗ ജില്ലകളിൽ കുടിക്കാനും കൃഷിക്കും ഉപയോഗിക്കുന്നത്. 1958 മുതൽ അണക്കെട്ടിലെ ജലം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇപ്പോൾ പ്രതിവർഷം 700 കോടി രൂപയുടെ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്.

"കേന്ദ്ര ജലകമ്മിഷൻ അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ താത്കാലിക ബലപ്പെടുത്തൽ നടത്തുന്നത് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനാണ്. മുമ്പ് നടത്തിയ താല്കാലിക ബലപ്പെടുത്തൽ ഡാമിനെ കൂടുതൽ അപകടാവസ്ഥയിൽ എത്തിച്ചതായി വിദഗ്ദ്ധ സമിതികളുടെ പഠനം വ്യക്തമാക്കിയിട്ടുണ്ട്. 12 വർഷത്തിന് ശേഷം നടത്തുന്ന ബലക്ഷയം പരിശോധനയെ തെറ്റിദ്ധരിപ്പിക്കാനാണ് ഇപ്പോൾ താത്കാലിക ബലപ്പെടുത്തൽ നടത്തുന്നത്

മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി

ചെയർമാൻ അഡ്വ.റോയി വാരികാട്ട്,

ജനറൽ കൺവീനർപി.ടി. ശ്രീകുമാർ