ഇടുക്കി: ഇടമലക്കുടിയിൽ സമഗ്രവികസനം ലക്ഷ്യമിട്ട് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി . ജില്ലാ ആസൂത്രണവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. കിലോമീറ്ററുകളോളം ഓഫ് റോഡ് സഞ്ചാരം നടത്തി ഇവിടെ യോഗം ചേർന്നത് തന്നെ പ്രത്യേക ഉദ്ദേശത്തോടെയാണ്. ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന വിഷമതകൾ എല്ലാവരും മനസിലാക്കണം. നിസാരകാര്യങ്ങളുടെ പേരിൽ പദ്ധതികൾ തടസ്സപ്പെടാൻ പാടില്ലെന്നും കളക്ടർ പറഞ്ഞു.
വിവിധ വകുപ്പുകൾ ഏറ്റെടുത്തു നടത്തേണ്ട പദ്ധതികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.നിലവിൽ പ്രവൃത്തി പുരോഗമിക്കുന്ന പദ്ധതികളുടെ തൽസ്ഥിതി അവലോകനവും നടന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ തൊഴിൽവികസനം, ശുചിത്വം, പൂരക പോഷകാഹാര വിതരണം, റോഡുകൾ, പാലങ്ങൾ, വനിതകളുടെ ഉന്നമനം, പൊതു ഗതാഗതം, ലൈഫ് ഭവന നിർമ്മാണ പദ്ധതി, കുടിവെള്ളം, കുടുംബശ്രീ, അക്ഷയ എന്നിവയാണ് പ്രധാനമായും ചർച്ച ചെയ്തത്.
ദീർഘകാലമായി പ്രദേശം നേരിടുന്ന വിവധ വിഷയങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും അഭിപ്രായം തേടി. പ്രശ്ന പരിഹാരങ്ങൾക്കുളള സത്വര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമെടുക്കുകയും ചെയ്തു.
.ഇഡ്ഡലിപ്പാറക്കുടിയിലെ അംഗനവാടി, ഏകാദ്ധ്യാപിക പഠനശാല, ഇടമലക്കുടി എൽ പി സ്‌കൂൾ എന്നിവിടങ്ങളും കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു.ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണൻ , ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ , വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഊര് മൂപ്പന്മാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലാ കളക്ടർ വി വിഗ്‌നേശ്വരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇടമലക്കുടിയിൽ നടത്തിയ സന്ദർശനം നടത്തിയപ്പോൾ