കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ വൈകിട്ട് നാലിന് 124.5 അടിയിലെത്തി. രാവിലെ 120.6 അടിയായിരുന്നു. ഒൻപത് മണിക്കൂറിനിടെ നാലടി ഉയർന്നു. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി.

സെക്കൻഡിൽ 22,100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലും കനത്ത മഴ തുടരുന്നതിനാൽ അവിടേക്ക് കൂടുതൽ വെള്ളം കൊണ്ടുപോകാനാകുന്നില്ല. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നു. തേക്കടി വനമേഖലയിൽ ചിലയിടങ്ങളിൽ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായതായി സൂചനയുണ്ട്. അണക്കെട്ടിൽ 101 മില്ലീമീറ്ററും തേക്കടിയിൽ 108.2 മില്ലീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയത്.