കനത്ത മഴ ലോവർ ക്യാമ്പിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം

കുമളി: കുമളി മേഖലയിൽ കനത്തമഴ , ദേശീയപാതയിൽ മണ്ണിടിഞ്ഞും മരം വീണും ഗതാഗത തടസ്സം. വ്യാഴ്ച്ച രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയിൽ കൊട്ടാരക്കര ദിഡുക്കൽ ദേശീയ പാതയിൽ കുമളിയ്ക്കും തമിഴ്നാട്ടിലെ ലോവർക്യാമ്പിനുമിടയിൽ റോഡിലേയ്ക്ക് മണ്ണിടിഞ്ഞു വീണും വൻമരം കടപുഴകി റോഡിലേയ്ക്ക് വീണ് മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗത തടസ്സപ്പെട്ടു. ശബരിമല തീർത്ഥാടകരുടെ തുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ അകപ്പെട്ടു. കുമളി കമ്പം റോഡിൽ ഗതാഗതം തടസപ്പെട്ടതോടെ അയ്യപ്പന്മാരുടെ വാഹനങ്ങൾ കുറച്ചു സമയം കമ്പം കമ്പംമെട്ട് റോഡ് വഴി തിരിച്ചു വിട്ടു. കമ്പത്തു നിന്നും ഫയർഫോഴ്സ് സംഘവും വനപാലകരും പൊതുമരാമത്ത് വകുപ്പ് അധികൃതരും എത്തിയാണ് തടസ്സങ്ങൾ നീകിയത്. പ്രദേശത്ത് വെള്ളിയാഴ്ച്ച വൈകിട്ടും മഴ തുടരുന്നതിനാൽ കുമളി കമ്പം റോഡിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് അധികൃതർ അറിയിച്ചു.

അടിമാലി: ശക്തമായ മഴയെ തുടർന്ന് കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ പാറക്കല്ലുകൾ റോഡിലേക്ക് പതിച്ച് രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപെട്ടു.ദേശീപാതയിൽ ബോഡിമെട്ടിനു താഴെ ചുരത്തിലാണ് ശക്തമായ മഴയെ തുടർന്ന് വലിയ ഗതാഗതം തടസ്സപെട്ടത്.
ഇന്നലെ രാത്രി മുതൽ അതിർത്തി മേഖലയിൽ തോരാതെ മഴപെയ്യുന്ന സാഹചര്യത്തിലാണ് ചുരത്തിൽ പാറക്കല്ലുകൾ ഇടിഞ്ഞു വീണത്

സംസ്ഥാന അതിർത്തിയിൽ തമിഴ്നാടിന്റെ ഭാഗത്ത് പതിനൊന്നാം നമ്പർ ചുരത്തിലാണ് പാറക്കല്ലുകൾ അടർന്നു വീണത്.
രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടിരുന്നു 8 മണിയോട് കൂടി തമിഴ്നാട് സർക്കാർ ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രതികൂല കാലാവസ്ഥയിൽ ബോഡിമെട്ട് ചുരത്തിലൂടെയുള്ള യാത്ര ദുർഘടമായിരിക്കുകയാണ്

ശക്തമായ മഴ:പലയിടത്തും വെള്ളം കയറി

തൂക്കുപാലം: ഇന്നലെ പുലർച്ചെ മുതൽ പെയ്ത ശക്തമായ മഴയിൽ തൂക്കുപാലത്തെ വീടുകളിൽ വെള്ളം കയറി. രാമക്കൽമെട്ട് ,​ കരുണാപുരം മേഖലകളിൽ ഇന്നലെ ശക്തമായി മഴ പെയ്തിരുന്നു. അപ്രതീക്ഷിത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷിയും വീട്ടുപകരണങ്ങളും നശിച്ചു..കല്ലാർ പുഴയിലും ഡാമിലും ജലനിരപ്പുയരുകയും ബാലൻപിള്ളസിറ്റിക്ക് സമീപം വീടുകളിൽ വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിക്കുകയും ചെയ്തു. കരുണാപുരം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ രണ്ട് വീടുകളിലും കിണറുകളിലും വെള്ളം കയറി. ഇതോടെ മോട്ടോറുകൾക്കും നാശം സംഭവിച്ചു.നിർമാണം പുരോഗമിക്കുന്ന കമ്പംമെട്ട് വണ്ണപ്പുറം മലയോര ഹൈവേയിൽ നിന്നും ഒഴുകി എത്തിയ വെള്ളമാണ് വീടുകൾക്കുള്ളിലേക്ക് കയറിയതെന്നും നാട്ടുകാർ പറഞ്ഞു. മൂന്നടിയോളം ഉയർത്തി റോഡ് നിർമിച്ചിട്ടും മഴവെള്ളം ഒഴുകി പോകാനുള്ള ക്രമീകരണം ചെയ്തിട്ടില്ല. റവന്യു , പഞ്ചായത്ത് അധികൃതർസ്ഥലത്തെത്തി പരിശോധന നടത്തി. ഒഴുക്ക് തടസപ്പെട്ട തോടിനു സമീപം താമസിക്കുന്ന ബ്ലോക്ക് നമ്പർ 430ൽ സി.ലാലുവിന്റെയും ചെല്ലമ്മയുടെയും വീടുകളിലേക്കും വെള്ളം കയറി. ഇവരുടെയും വീട്ടുപകരണങ്ങൾക്കും നാശം സംഭവിച്ചിട്ടുണ്ട്. മലയോര ഹൈവേയുടെ ഭാഗമായി പുനർനിർമിച്ച കലുങ്കിന് മതിയായ വീതിയില്ല. ജലനിരപ്പുയർന്നതോടെ പാമ്പമുക്ക്ശൂലപ്പാറ റോഡിലുൾപ്പെടെ വെള്ളം കയറി ഗതാഗതം പൂർണമായി തടസപ്പെട്ടു.

കുമളി കമ്പം റോഡിൽ മരം വീണ് ഗതാഗത തടസ്സം ഉണ്ടായപ്പോൾ മരത്തിന് മുകളിലൂടെ കടക്കാൻ ശ്രമിക്കന്ന സ്ത്രീകൾ

പതിനൊന്നാം നമ്പർ ചുരത്തിലാണ് പാറക്കല്ലുകൾ അടർന്നു വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ