
കട്ടപ്പന: പുതിയ ബസ്റ്റാന്റിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് വ്യാപാരി വ്യവസായി സമിതിയുടെ പ്രതിഷേധം. ഇവിടെയുള്ള ഗട്ടറുകൾക്കും വെള്ളക്കെട്ടിനും പരിഹാരം കാണാത്ത നഗരസഭ നടപടിയിൽ പ്രതിഷേധിച്ചാണ് വ്യാപാരികളുടെ വ്യത്യസ്ത സമരം.മഴ പെയ്താലുടൻ തന്നെ കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. ഇടശ്ശേരി റൂട്ടിൽ നിന്നും ബസ് സ്റ്റാന്റിലേക്ക് എത്തുന്ന ഭാഗത്ത് ഗട്ടറുകളും നിരവധിയാണ്. ഇന്നലെയും ഇന്നുമായി ചെയ്ത കനത്ത മഴയിൽ ഗട്ടറുകളിൽ വെള്ളം നിറഞ്ഞ് വലിയ വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്. നിരവധി തവണ പരാതികളും നിവേദനകളും നൽകിയിട്ടും മുഖം തിരിക്കുന്ന സമീപനം മാത്രമാണ് നഗരസഭ അധികൃതർ സ്വീകരിച്ചത്. ബസ് സ്റ്റാന്റിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത് കാൽ നടയാത്രികർക്കും വാഹനങ്ങൾക്കും സമീപത്തെ വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്.സമതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ്ബ്, നേതാക്കളായ എം.ആർ അയ്യപ്പൻകുട്ടി, പി.ജെ കുഞ്ഞുമോൻ, പി ബി സുരേഷ്, ആൽവിൻ തോമസ്, പി.കെ സജീവൻ, എം ജഹാംഗീർ, ശോഭനാ അപ്പു തുടങ്ങിയവർ നേതൃത്വം നൽകി