പീരുമേട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാഗമണ്ണിലും പരിസര പ്രദേശങ്ങളിലും ഭൂമി കൈയേറ്റം വ്യാപകമാകുന്നു. മുമ്പ് കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ ബോർഡ് വച്ച ഭാഗമാണ് ഇപ്പോൾ വീണ്ടും കൈയേറിയിരിക്കുന്നത്. അതും വാഗമൺ വില്ലേജ് ഓഫീസിന് സമീപമാണ് ഭൂമി കൈയേറിയിരിക്കുന്നത്. മുമ്പ് മൂൺമല, മൊട്ടക്കുന്ന്, കോലാഹലമേട് എന്നിവിടങ്ങളിലെ ഭ കൈയേറ്റമാണ് ഒഴിപ്പിച്ചത്. ഇപ്പോൾ സർവ്വേ നമ്പർ 813ൽ പ്പെട്ട ഭൂമിയിലാണ് വീണ്ടും കൈയറ്റം നടത്തിയിരിക്കുന്നത്. ഇവിടെ വ്യാപകമായി മണ്ണിടിച്ചു നിരത്തി വഴി ഉണ്ടാക്കിയിട്ടുണ്ട്. മൂൺമല ഇടിച്ചു നിരത്തുന്നതിനെതിരെ കൈതപ്പതാൽ പ്രദേശത്ത് നാട്ടുകാർ
പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. മണ്ണ് ഇടിച്ച പ്രദേശത്ത് പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥന്മാർ പരിശോധന നടത്തിയിരുന്നു. ഇവിടെ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥന്മാർ നാട്ടുകാർക്ക് മുന്നറിയിപ്പും നൽകിയിരുന്നു. റവന്യൂ ഭൂമി തിരിച്ച് പിടിച്ച് കഴിഞ്ഞ ആഗസ്റ്റിൽ സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. ഈ ബോർഡ് ഇളക്കി മാറ്റിയിട്ടാണ് ഇപ്പോൾ കൈയേറ്റക്കാർ ഭൂമി കൈയേറിയിരിക്കുന്നത്. വാഗമൺ പ്രദേശത്ത് കൈയേറ്റമാഫിയ ഭൂമി കൈയേറുന്നത് ടൂറിസം വികസനം ലക്ഷ്യമാക്കിയാണ്.