തൊടുപുഴ: സംസ്ഥാന മന്ത്രിസഭ അനുമതി നൽകിയ നിർദിഷ്ട വനം ഭേദഗതി നിയമത്തെ കേരള കോൺഗ്രസ് പാർട്ടി നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായി എതിർക്കുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. ജില്ലയിലെ ജനങ്ങളെയാണ് പുതിയ നിയമം ഏറ്റവും അധികം ബാധിക്കുന്നത്. വനവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളും സമ്പൂർണമായി കുറ്റകൃത്യമാക്കി മാറ്റുന്ന ഭീകര അന്തരീക്ഷമാണ് ഉണ്ടാവാൻ പോകുന്നത്. വനത്തിലൂടെ ഒഴുകുന്ന വെള്ളം ഉപയോഗിക്കാൻ പോലും നിരോധനം ഏർപ്പെടുത്തുകയാണ്. വനനിയമ ലംഘനത്തിന് വലിയ തുകയും തടവും ശിക്ഷ ഏർപ്പെടുത്തുന്ന കരിനിയമമാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ജില്ലയിൽ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിൻ ഈ കിരാത നിയമത്തെ മന്ത്രിസഭയിൽ എതിർക്കാതിരുന്നത് കൊടുംക്രൂരതയാണ്. മന്ത്രിസഭയുടെ അംഗീകാരം ഏകകണ്ഠമായിരുന്നുവെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. നിലവിലുള്ള വനസംരക്ഷണ നിയമം തന്നെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. ജില്ലയിൽ സമ്പൂർണ്ണ വനവത്കരണ പ്രക്രിയക്കാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഈ കരിനിയമത്തിനെതിരെ പാർട്ടി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.