cm
വണ്ടിപ്പെരിയാറ്റിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകാൻ എത്തിയപ്പോൾ (ഫയൽ ഫോട്ടോ)​

പീരുമേട്: വണ്ടിപ്പെരിയാറ്റിലെ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി വിട്ടയച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടും കുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ ഇതുവരെയും നിയമിച്ചിട്ടില്ല. കേസിന്റെ വാദവും തുടങ്ങിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടപ്പോൾ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി കുടുംബം പറയുന്നയാളെ നിയമിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു വർഷമായിട്ടും കുട്ടിയുടെ മാതാപിതാക്കൾക്കും കുടുംബത്തിനും നൽകിയ ഉറപ്പ് പാലിച്ചില്ല. സർക്കാർ വാക്ക് പാലിക്കാത്തതിനാൽ കുടുംബം വലിയ പ്രതിസന്ധിയിലാണ്. അന്വേഷണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവമാണ് പ്രതി രക്ഷപ്പെടാൻ കാരണമെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അന്ന് പ്രതി ചേർത്ത അർജ്ജുനെ തെളിവുകളുടെ അഭാവത്തിൽ
കട്ടപ്പന അതിവേഗ പോക്‌സോകോടതി കഴിഞ്ഞ വർഷം ഡിസംബർ 14 ന് വെറുതെ വിട്ടിരുന്നു. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങി ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നിരവധി നേതാക്കൾ കുട്ടിയുടെ വീട് സന്ദർശിച്ചിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും വനിതാ സംഘടനകളും വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചടക്കം നിരവധി സമരങ്ങളും നടത്തിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയെ കണ്ട കുടുംബത്തിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്ന് ഉറപ്പ് നൽകിയത്.

നിവേദനം നൽകി

സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. പുനർവിചാരണയ്ക്ക് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകിയിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നാളിതുവരെ നിയമിച്ചിട്ടില്ല. കേസ് വേഗത്തിലാക്കിയാൽ പ്രോസിക്യൂഷന് വിചാരണക്കോടതിയിൽ വീഴ്ച പറ്റിയതുൾപ്പെടെ ഹൈക്കോടതിയിൽ തെളിയിക്കാൻ സാധിച്ചേക്കുമെന്ന് ചൂണ്ടികാണിച്ചാണ് മുഖ്യമന്ത്രിക്ക് ഗിന്നസ് മാടസ്വാമി നിവേദനം നൽകിയത്.