 
മൂലമറ്റം: അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതൃത്വത്തിൽ പ്രധാന വൈദ്യുതി ഉത്പാദന കേന്ദ്രമായ മൂലമറ്റത്ത് പ്രതിഷേധ സമരം നടത്തി. നൂറ്റാണ്ടുകൾ പഴക്കമുള്ളതും വൈദ്യുതി ആവശ്യമില്ലാത്തതുമായ നിത്യോപയോഗ ഗൃഹോപകരണങ്ങൾ സെക്ഷൻ ഓഫീസിനുമുമ്പിൽ പ്രദർശിപ്പിച്ചു നടത്തിയ പ്രതീകാത്മക പ്രതിഷേധസമരമാണ് ജനങ്ങൾക്ക് കൗതുകവും വൈദ്യുതി ബോർഡിന് താക്കീതുമായത്. പാള വിശറി, റാന്തൽ വിളക്ക്, മണ്ണെണ്ണ വിളക്ക്, പെട്രോൾ മാക്സ്, വിറകുകെട്ട്, കിണർ കപ്പി, റാട്, ആട്ടുകല്ല്,ഉരൽ, ഉലക്ക, അരിക്കലാമ്പ്, ബാറ്ററി ടോർച്ച്, തീപ്പെട്ടി, ഫ്രഡ്ജിന് പകരം മാംസം സൂക്ഷിച്ചിരുന്ന പാളകുമ്പിൾ തുടങ്ങി വൈദ്യുതി വേണ്ടാത്ത പഴയകാല ഉപകരണങ്ങൾ പ്രദർശിപ്പിച്ച് നടത്തിയ സമരമാണ് ശ്രദ്ധേയമായത്.
കേരള കോൺഗ്രസ് അറക്കുളം, കുടയത്തൂർ മണ്ഡലം കമ്മിറ്റി സംയുക്ത നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉരലിൽ ഉലക്കക്കുത്തി പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. അറക്കുളം മണ്ഡലം പ്രസിഡന്റ് എ.ഡി. മാത്യു അഞ്ചാനി അദ്ധ്യക്ഷത വഹിച്ച സമരത്തിൽ കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി തുടിയൻപ്ലക്കൽ പ്രദർശനവസ്തുക്കൾ പരിചയപ്പെടുത്തി. പാർട്ടി ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ജിൽസ് അഗസ്റ്റിൻ, സാം ജോർജ്, ടി.എച്ച്. ഈസ, റെനി മാണി, ടി.സി. ചെറിയാൻ, ഗ്രാമപഞ്ചായത്ത് മെമ്പർ കൊച്ചുറാണി ജോസ് എന്നിവർ പ്രസംഗിച്ചു.