കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിലെ കുപ്പക്കല്ല് പഴയ കൊച്ചറ റോഡ് നിർമാണം പൂർത്തിയായപ്പോൾ നടപ്പുവഴി ഇല്ലാതായതോടെ വൃദ്ധ പെരുവഴിയിൽ. രാജാക്കണ്ടം കുപ്പക്കല്ല് മാമൂട്ടിൽ ഏലിയാമ്മ ജോസഫാണ് (75) സ്വന്തം വീട്ടിലേക്ക് പോകാനാകാതെ വാടകവീട്ടിലും ബന്ധുക്കളുടെ ഭവനങ്ങളിലുമായി കഴിയുന്നത്. വിധവയും രോഗിയുമായ ഏലിയാമ്മ പതിറ്റാണ്ടുകളായി ഉപയോഗിച്ചുവന്നിരുന്ന നടപ്പുവഴിയാണ് കെട്ടിയച്ചത്. 2022ൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണിത്. ഇവിടത്തെ പാലത്തിന്റെ നിർമാണം പൂർത്തിയായപ്പോഴാണ് നടപ്പുവഴി ഇല്ലാതായത്. നിർമാണവേളയിൽ പുതിയ നടപ്പുവഴി നിർമ്മിച്ചുനൽകാമെന്ന് വാർഡ് മെമ്പർ ഉറപ്പുനൽകിയിരുന്നതായി ഏലിയാമ്മ പറയുന്നു. എന്നാൽ നടപടി ഉണ്ടാകാതെ വന്നതോടെ മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിയെ തുടർന്ന് റീബിൽഡ് കേരളയുടെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വഴി നിർമ്മിച്ചുനൽകാമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇവരെ ബന്ധപ്പെട്ടപ്പോൾ വണ്ടൻമേട് പഞ്ചായത്തിനെ സമീപിക്കാൻ നിർദേശിച്ചു. എന്നാൽ ഫണ്ട് ഇല്ലെന്നാണ് പഞ്ചായത്തിന്റെ വാദം. വീടും 50 സെന്റ് സ്ഥലവും സ്വന്തമായുണ്ടെങ്കിലും ഇവിടേയ്ക്ക് പ്രവേശിക്കാൻ മാർഗമില്ല. പാലത്തിന്റെ അടിവശത്തുകൂടി ഒഴുകുന്ന തോടിനുകുറുകെ നാട്ടുകാർ നിർമ്മിച്ചുനൽകിയ താൽകാലിക തടിപ്പാലത്തിലൂടെ ഏറെബുദ്ധിമുട്ടിയാണ് വീട്ടിലെത്തുന്നത്. ഇതിനിടെ ചിലർ വീട്ടിലേക്ക് കയറുന്ന നടപ്പാത മുള്ളുവേലി ഉപയോഗിച്ച് കെട്ടിയടച്ചതായും ഏലിയാമ്മ പറഞ്ഞു.