കട്ടപ്പന: ചക്കുപള്ളം ശ്രീ നാരായണ ധർമ്മാശ്രമത്തിൽ നിന്ന് സ്വാമി ഗുരു പ്രകാശം സ്വാമിയുടെ നേതൃത്വത്തിലുള്ള കിഴക്കൻ മേഖല ശിവഗിരി തീർത്ഥാടന പദയാത്ര 20ന് ആരംഭിക്കും. 92-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ചുള്ള പദയാത്ര ഡിസംബർ 29 ന് ശിവഗിരി മഹാസമാധിയിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 20ന് രാവിലെ ഏഴിന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ തുടങ്ങിയവർ ചേർന്ന് പദയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് വിവിധ പ്രദേശങ്ങളിലെ ശാഖാ യോഗങ്ങൾ, പൗരാവലി, സമാജങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പദയാത്ര കടന്നുപോകുന്നത്.