 
കുമളി: ജില്ലയിലെ ഏറ്റവും വലിയ ക്രിസ്തുമസ് ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളി. സ്റ്റെല്ലാ സല്യൂട്ടീസ് എന്ന പേരിൽ 22, 23, 24 തീയതികളിലാണ് പരിപാടികൾ നടക്കുക. ക്രിസ്തുവിന്റെ തിരുപ്പിറവി വർഷത്തിന്റെ പ്രതീകമായി പള്ളിയങ്കണത്തിൽ സ്ഥാപിക്കാനായി 2025 നക്ഷത്രങ്ങളാണ് തയ്യാറാക്കുന്ന തിരക്കിലാണ് ഇവിടത്തെ വിശ്വാസികളും പുരോഹിതരും. ക്രിസ്തുവിന്റെ പിറവിയുടെ മഹാജൂബിലിയെ സൂചിപ്പിക്കാൻ കൂടിയാണ് 2025 നക്ഷത്രങ്ങൾ പള്ളിയങ്കണത്തിൽ പ്രകാശിപ്പിക്കാൻ തീരുമാനിച്ചത്. പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി പരമ്പരാഗത ശൈലിയിലാണ് നക്ഷത്രങ്ങൾ നിർമ്മിക്കുന്നത്. രണ്ടു മാസം മുമ്പ് മുതൽ ഇതിനുള്ള പണികൾ തുടങ്ങി. ആവശ്യമുള്ള മുള കാഞ്ഞിരപ്പള്ളിയിൽ നിന്നുമെത്തിച്ചു. മുള കീറി ചെറിയ കഷ്ണങ്ങളാക്കി നക്ഷത്രമുണ്ടാക്കാൻ പുതിയ തലമുറയെ പഠിപ്പിച്ചത് പഴമക്കാർ തന്നെയാണ്. ഓരോ കുടുംബക്കൂട്ടായ്മയിലെയും അംഗങ്ങളും സൺഡേ സ്കൂൾ അദ്ധ്യാപകരും മാറിമാറിയെത്തി നക്ഷത്രങ്ങളുണ്ടാക്കും. വർണ്ണക്കടലാസുകളൊക്കെയൊട്ടിച്ച് 1500 ലധികം നക്ഷത്രങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. ഇടവക വികാരി ഫാ. തോമസ് പൂവത്താനിക്കുന്നേലാണ് സ്റ്റെല്ല സല്യൂട്ടീസ് എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്തുമസ് ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. നക്ഷത്രങ്ങൾ പള്ളിയങ്കണത്തിൽ കത്തിച്ച് ക്രിസ്മസിനെ വരവേൽക്കും. പഴയ കാലത്തെ പോലെ മെഴുകുതിരി ഉള്ളിൽ കത്തിച്ചു വയ്ക്കാനാണ് തീരുമാനം. 22ന് പള്ളിയങ്കണത്തിൽ ഒരുക്കുന്ന ക്രിസ്തുമസ് ഗ്രാമത്തിൽ സ്റ്റാളുകളും ഭക്ഷ്യമേളയും ഉണ്ടാകും. 23ന് ക്രിസ്തുമസിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ മഹാറാലി നടത്തും. 25 ക്രിസ്തുമസ് പ്ലോട്ടുകളും നന്ദനം ഫിലിം ഇൻഡസ്ട്രീസ് ഒരുക്കുന്ന ലിവിങ് പുൽക്കൂടുകളും റാലിക്ക് കൊഴുപ്പേകും. സിനിമാ സംവിധായകൻ ജോണി ആന്റണി സന്ദേശം നൽകും. അഞ്ഞൂറോളം വരുന്ന കലാകാരന്മാരുടെ കലാ വിസ്മയവും അരങ്ങേറും.