മൂന്നാർ: പൂപ്പാറ തോണ്ടിമലയിൽ വിനോദ സഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു അഞ്ചു പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ ബോഡിമെട്ട്- പൂപ്പാറ റോഡിലായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശികളായ സഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. ഇവർ മൂന്നാർ സന്ദർശിച്ച ശേഷം മടങ്ങവെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നിയന്ത്രണം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നിറയെ വെള്ളമുള്ള ഒരു കിണറിന് അടുത്തേക്കാണ് യു.പി രജിസ്‌ട്രേഷനിലുള്ള ഹ്യുണ്ടായ് ഐ ട്വന്റി കാർ മറിഞ്ഞത്. കിണറ്റിലേക്ക് വീണിരുന്നെങ്കിൽ ആളപമായമുണ്ടായേനേ. കാർ വീണതിന് തൊട്ടു താഴേക്ക് വലിയ താഴ്ചയുമുണ്ടായിരുന്നു. അൽപ്പം നീങ്ങിയിരുന്നെങ്കിൽ കൂടുതൽ താഴ്ചയിലേക്ക് കാർ മറിഞ്ഞേനെയെന്നാണ് നാട്ടുകാർ പറയുന്നത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. പരിക്കേറ്റവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.