റോഡുകൾ ഒലിച്ചുപോയി 10 ഏക്കറിലേറെ കൃഷി സ്ഥലത്ത് ഉരുൾപൊട്ടി
മറയൂർ: രണ്ട് ദിവസത്തെ ശക്തമായ മഴയിൽ മറയൂർ മേഖലയിലെ ആദിവാസി കുടികളിൽ വ്യാപക നാശം. മറയൂർ പഞ്ചായത്തിലെ പുതുക്കുടിയും വെല്ലക്കൽകുടിയും ഒറ്റപ്പെട്ടു. നൂറിലധികം ആദിവാസി കുടുംബങ്ങൾ കൃഷി ചെയ്തിരുന്ന ബീൻസ്, കൂർക്ക, വാഴ മറ്റു പച്ചക്കറികൾ ഉൾപ്പടെ കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. വിവിധ ഭാഗങ്ങളിൽ റോഡുകൾ ഒലിച്ചുപോയി. വൈദ്യുതി ലൈനുകളും പലഭാഗങ്ങളിലും പൊട്ടിപ്പോയി. മലനിരകളായതിനാൽ ഇവിടേക്ക് ജീപ്പ് മാത്രമാണ് ആശ്രയം. ഓഫ് റോഡുകളിൽ പോലും ജീപ്പുകൾ കയറാൻ പറ്റാത്ത നിലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. മറയൂരിൽ നിന്ന് 14 കിലോമീറ്റർ അകലെയുള്ള രണ്ടു കുടികളിലെ ജനങ്ങൾ ആറ് കിലോമീറ്റർ നടന്ന് വേണം അത്യാവശ്യ ആവശ്യങ്ങൾക്കായി മറയൂരിൽ എത്തേണ്ടത്. 10 ഏക്കറിലധികം കൃഷിനാശം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. മറയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ തോമസ്, ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ രാജശേഖരൻ, ബ്ലോക്ക് പഞ്ചായത്തംഗം വിജയ് കാളിദാസ് എന്നിവർ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.