യുവജന സംഘടനകളടക്കം സമരത്തിലേക്ക്


കട്ടപ്പന : മഴ പെയ്താൽ കട്ടപ്പന നഗരത്തിലെ റോഡുകളിൽ 'കുള'ങ്ങൾ ആവശ്യത്തിലേറെയാണ്. വെള്ളക്കെട്ടുകൾ കടക്കാൻ ഡ്രൈവർമാർ സാഹസിക യാത്ര നടത്തണം. ഇരുചക്ര വാഹനയാത്രികർ കുഴികളിൽ പതിച്ച് പരിക്കേൽക്കാതെ മറുകരയെത്തിയാൽ ഭാഗ്യമെന്നുവേണം കരുതാൻ. കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ കുഴിയിൽ പതിച്ചാൽ തവിടുപൊടിയാകും.
നഗരപാതകൾ ഭൂരിഭാഗവും സഞ്ചാരയോഗ്യമല്ലാതായതോടെ നഗരസഭ ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമായി. വ്യാപാരികളും യുവജന സംഘടനകളും ഉൾപ്പെടെ സമരരംഗത്തേയ്ക്ക് കടക്കുകയാണ്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള രണ്ട് പാതകളിലും ഗർത്തങ്ങൾ നിരവധിയാണ്. ഇടശേരി ജങ്ഷനിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന ഭാഗത്ത് ഭീമൻ ഗർത്തമാണ്. അപ്രോച്ച് റോഡുകളിൽനിന്ന് മഴവെള്ളം കുത്തിയൊലിച്ച് ഇവിടെയെത്തി വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നു. ഓടയില്ലാത്തതിനാൽ ഒരടിയോളം ഉയരത്തിലാണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്. കൂടാതെ, ഇടശേരി ജങ്ഷനിൽ ടാറിങ് തകർന്ന് വലിയ കുഴിയാണ് രൂപപ്പെട്ടു. നെടുങ്കണ്ടം, കുമളി മേഖലകളിൽനിന്നുള്ള ബസുകൾ കുഴി കടന്നുവേണം സ്റ്റാൻഡിലേക്ക് പോകാൻ. നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപെട്ടു.
നഗരസഭ ഓഫീസ് ജങ്ഷനിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിൽ രണ്ടടിയോളം താഴ്ചയുള്ള ഭീമൻ കുഴിയാണുള്ളത്. മഴ പെയ്യുമ്പോൾ ഗതാഗതം തടസപ്പെടുംവിധം ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാതയിൽപോലും യാത്രാക്ലേശം രൂക്ഷമായിക്കഴിഞ്ഞു.
പുതിയ ബസ് സ്റ്റാൻഡിൽനിന്ന് കോ -ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോളേജിന്റെ മുമ്പിലൂടെയുള്ള പോക്കറ്റ് റോഡും തകർന്നനിലയിലാണ്. കൂടാതെ, പാറക്കടവിനുസമീപം ജ്യോതിസ് ജങ്ഷൻ സ്‌കൂൾക്കവല ബൈപാസ് റോഡിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള പോക്കറ്റ് റോഡ് പൂർണമായി തകർന്നു. നഗരത്തിൽ തിരക്കേറുന്ന സമയങ്ങളിൽ സ്വകാര്യ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്. പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുസമീപം സംസ്ഥാന പാതയിൽനിന്ന് പുതിയ ബസ് സ്റ്റാൻഡിലേക്കും ബൈപാസ് റോഡിലേക്കും എത്തിച്ചേരുന്ന റോഡും ഭാഗികമായി തകർന്നനിലയിലാണ്. പഴയ ബസ് സ്റ്റാൻഡിലും കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കുഴികളാണ്. എസ്ബിഐ ജങ്ഷൻനിന്ന് ഇടുക്കിക്കവല ബൈപാസിലേക്കുള്ള പോക്കറ്റ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി. രണ്ട് ഭീമൻ ഗർത്തങ്ങളാണ് പാതയിലുള്ളത്. മഹാപ്രളയത്തിൽ തകർന്ന അമർജവാൻ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.

നഗരസഭക്കെതിരെ

ജനരോഷം

നഗരസഭയുടെ അനാസ്ഥക്കെതിരെ ജനരോക്ഷം ശക്തമാക്കുകയാണ്.സമൂഹമാദ്ധ്യമങ്ങളിലടക്കം ട്രോളുകളും പ്രതിഷേധ കുറിപ്പുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ഡി.വൈ.എഫ്‌.ഐ പ്രവർത്തകർ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തും. സൗഹൃദ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പന ചൊവ്വാഴ്ച രാവിലെ 11ന് മാർച്ചും സർവമത പ്രാർഥനയും സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞദിവസം വ്യാപാരി വ്യവസായി സമിതി ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ചിരുന്നു.

കട്ടപ്പന നഗരത്തിൽ തകർന്നു കിടക്കുന്ന റോഡുകൾ