തൊടുപുഴ: വനനിയമ ഭേദഗതി ബില്ലിനെതിരെ ജില്ലയിലെമ്പാടും പ്രതിഷേധം ശക്തമാകുന്നു. നവംബർ ഒന്നിന് കരട് വിജ്ഞാപനമിറക്കിയ 1961ലെ കേരള വനം നിയമ ഭേദഗതി ബിൽ നിയമസഭ അംഗീകരിച്ചാൽ ഇടുക്കിയുൾപ്പെടെയുള്ള മലയോര മേഖലകളിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയെത്തുടർന്നാണ് കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. വിജ്ഞാപനത്തിലെ 27, 52, 63 വകുപ്പുകൾ വനം വകുപ്പ് ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് നിയമ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വനത്തിൽ അതിക്രമിച്ച് കടന്നാൽ 5000 മുതൽ 25000 രൂപ വരെ പിഴയീടാക്കാൻ നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിലവിൽ 1000 രൂപ പിഴ ഈടാക്കിയിരുന്ന കേസുകളിൽ പിഴ തുക 5000 ആയി ഉയർത്തി. 5000 ആയിരുന്നത് 25000 ആയി വർദ്ധിപ്പിച്ചു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധന നിയമ വിരുദ്ധമാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥരിൽ നിന്ന് 200 രൂപ പിഴയീടാക്കിയിരുന്ന സെക്ഷൻ 65 ൽ ഭേദഗതി കാെണ്ടു വന്നിട്ടില്ല. അതിർത്തി കല്ലുകൾ ഇളക്കിയാലും നിയമ നടപടി സ്വീകരിക്കും. വനമേഖലയിലെ പുഴയിൽ നിന്നും മീൻ പിടിക്കുന്നതും കുറ്റകരമാകും. ഏതെങ്കിലും കേസിൽ വനം വകുപ്പിന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിലോ, പരിശോധന നടത്തുന്നതിനോ ഡി.എഫ്.ഒമാരാണ് നിലവിൽ വാറന്റ് അനുവദിക്കുന്നത്. എന്നാൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ മുതലുള്ളവർക്ക് കേസെടുക്കാനും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും അധികാരം നൽകുന്നതാണ് നിലവിലെ നിയമ ഭേദഗതി. നിലവിൽ ഏതെങ്കിലും കേസിൽ വനം വകുപ്പ് അറസ്റ്റ് ചെയ്യുന്ന പ്രതികളെ എത്രയും വേഗം അടുത്തുള്ള പാെലീസ് സ്റ്റേഷനിലെത്തിക്കണമെന്നാണ് നിയമമെങ്കിലും നിയമ ഭേദഗതി കരട് ബില്ലിൽ ഇത് പൊലീസ് സ്റ്റേഷൻ അല്ലെങ്കിൽ ഫോറസ്റ്റ് ഓഫീസ് എന്നാക്കിയിട്ടുണ്ട്. നിയമ ഭേദഗതിയനുസരിച്ച് ഉദ്യോഗസ്ഥർക്ക് വാറന്റ് ഇല്ലാതെ വീട്, വാഹനങ്ങൾ എന്നിവ പരിശോധിക്കാം. വന്യജീവിയാക്രമണത്തിൽ ജീവഹാനിയുണ്ടാകുമ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജനങ്ങളുടെ കനത്ത പ്രതിഷേധം നേരിടേണ്ടി വരാറുണ്ട്. വനത്തിന് പുറത്തു വച്ചുണ്ടാകുന്ന പ്രതിഷേധങ്ങൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസമായാൽ പാെലീസാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത്. എന്നാൽ വനം ഭേദഗതി ബിൽ നിയമമായാൽ വനത്തിന് പുറത്ത് വച്ചും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാൻ അധികാരം ലഭിക്കും. കിഫ, അതിജീവന പോരാട്ട വേദി, ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്‌മെന്റ് ഉൾപ്പെടെയുള്ള സംഘടനകൾ നിയമ ഭേദഗതിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധ സമരങ്ങൾ നടത്താനാണ് തീരുമാനം.