തൊടുപുഴ: ആഘോഷമേതുമാകട്ടെ,​ അടിച്ചുപൊളിക്കാൻ ഇടുക്കിയോളം മിടുക്കിയായ സ്ഥലം വേറെയില്ലെന്ന് സഞ്ചാരികൾക്കറിയാം. അതുകൊണ്ട് തന്നെ ഈ ക്രിസ്തുമസ്- പുതുവത്സരാഘോഷത്തിനും സഞ്ചാരികളിലേറെയും തിരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കി തന്നെയാണ്. ഇതിന് തെളിവായി ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഇപ്പോൾ തന്നെ ഭൂരിഭാഗവും ബുക്കിംഗായി കഴിഞ്ഞു. ക്രിസ്തുമസ്, ന്യൂ ഇയർ ദിവസങ്ങളിലൊന്നും ജില്ലയിൽ ഒരിടത്തും നല്ല മുറികളൊന്നും കിട്ടാനില്ലാത്ത സ്ഥിതിയാണ്. മൂന്നാർ, മറയൂർ,​ വാഗമൺ, തേക്കടി,​ രാമക്കൽമേട് എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഇനി ഒഴിവുള്ളത്. അടുത്ത 22 മുതൽ ജനുവരി മൂന്ന് വരെ ഇതാണ് അവസ്ഥ. അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും സഞ്ചാരികളിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തിരക്ക് കൂടുതലാകുമെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

ഹണിമൂൺ പാക്കേജ്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. എന്നാൽ കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിസന്ധി സമ്മാനിക്കുമോ എന്ന ആശങ്ക ടൂറിസം കേന്ദ്രങ്ങളിൽ ശക്തമാണ്.

തണുപ്പിൽ

ആഘോഷിക്കാം

തണുപ്പിൽ അവധിക്കാലം ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നതാണ് മൂന്നാറിൽ തിരക്കേറാൻ കാരണം. ഇപ്പോൾ തന്നെ മൂന്നാറിൽ 10 ഡിഗ്രിയിൽ താഴെയാണ് താപനില. വരും ദിവസങ്ങളിൽ താപനില താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മറയൂരിലും ഡിസംബർ പകുതിയായപ്പോൾ തന്നെ ശീതകാല കാലാവസ്ഥ പൂർണമായി ആരംഭിച്ചു. പകൽ പോലും കൊടുംതണുപ്പാണ്.

റൂമിന് തീവില

ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപയുടെ വരെ വർദ്ധനവാണ് പല റിസോർട്ടുകാരും വരുത്തിയിരിക്കുന്നത്. 5000 രൂപ നിരക്ക് പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000ത്തിന് മുകളിലാണ്. ഒരു പകലും രാത്രിയും ചിലവഴിക്കുന്നതിന് ആയിരം മുതൽ മുപ്പതിനായിരം രൂപ വരെ ഈടാക്കുന്ന റിസോർട്ടുകൾ ജില്ലയിലുണ്ട്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 രൂപ നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 13,000 കടക്കും. നല്ല വ്യൂ ലഭിക്കുന്ന മുറി, പൂൾ, യോഗ എന്നിവ ചേരുമ്പോൾ നിരക്ക് 30,000 എത്തും. വൻകിട ഹോട്ടലുകളിലെല്ലാം ക്രിസ്തുമസ്, പുതുവത്സര രാത്രികളിൽ ബുഫെ ഡിന്നറുകളും ഡി.ജെ പാർട്ടികളും ഉണ്ട്‌. ആയുർവേദ മസാജുകൾ വേണമെങ്കിൽ അധിക പണം നൽകണം. ഹോട്ടലുകളിൽ നേരിട്ടെത്തിയോ വിളിച്ചോ ബുക്ക് ചെയ്യുന്നതിലും ലാഭം വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നതാണെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു.