ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥരെ കയറൂരിവിട്ട് ജനങ്ങളെ പീഡിപ്പിക്കുന്നതിനുള്ള സർക്കാർ തീരുമാനം ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ലെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. വന്യമൃഗആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കിരാത നടപടിയിലൂടെ ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള നീക്കം തികച്ചും പ്രതിഷേധാർഹമാണ്. വന്യമൃഗ ആക്രമണങ്ങളുണ്ടായാൽ പ്രതിഷേധിക്കുന്നതിനുള്ള ജനങ്ങളുടെ മൗലികാവകാശം ഉദ്യോഗസ്ഥ ഗുണ്ടാരാജിലൂടെ കവർന്നെടുക്കുന്നത് പൗരന്മാരുടെ മൗലിക അവകാശങ്ങളുടെമേലുള്ള കടന്നാക്രമണമാണ്. അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള മജിസ്‌ട്രേറ്റിന്റെ അധികാരം വനംവകുപ്പ് ബീറ്റ് ഓഫീസർക്ക് നൽകിക്കൊണ്ടുള്ള സർക്കാർ തീരുമാനത്തിന്മേൽ ജില്ലയിൽ നിന്നുമുള്ള മന്ത്രി റോഷി അഗസ്റ്റിന്റെ അഭിപ്രായം അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വനത്തിനുള്ളിൽ പ്രവേശിക്കൽ എന്നിവയ്‌ക്കെതിരെ ജനങ്ങളെ അറസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകിയാൽ വനാതിർത്തികളിൽ ജനങ്ങൾക്ക് ഒരിക്കലും സമാധാനപരമായി ജീവിക്കാൻ സാധിക്കില്ല. ആശങ്കകൾ പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകൾ സബ്ജറ്റ് കമ്മിറ്റി ബില്ലിൽ ചേർക്കുമെന്ന അധികൃതരുടെ വിശദീകരണം മുൻകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിശ്വാസയോഗ്യമല്ല. കരട് ബില്ല് പൂർണമായും റദ്ദാക്കുന്നതുവരെ യു.ഡി.എഫ് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ചെയർമാൻ അറിയിച്ചു.