തൊടുപുഴ: കുമ്പംകല്ലിൽ വലിയ ജാരം പള്ളിക്ക് സമീപം ഇലക്ട്രിക് ലൈനിൽ തീപിടുത്തം. തീപിടിത്തത്തെ തുടർന്ന് 20 മണിക്കൂറോളം വൈദ്യുതി മുടങ്ങി. ഞായറാഴ്ച രാത്രി 7 .30നാണ് 11 കെ.വി. ലൈനിൽ തീപിടുത്തം ഉണ്ടായത്. പരിഭ്രാന്തരായ നാട്ടുകാർ സംഭവം ഫയർഫോഴ്സിലും കെ.എസ്.ഇ.ബിയിലും അറിയിച്ചു. ഉടൻ തന്നെ തൊടുപുഴയിൽ നിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പി.ടി. അലക്സാണ്ടറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. കെ.എസ്.ഇ.ബി അധികൃതർ ലൈൻ ഓഫ് ചെയ്തതിനുശേഷം സേനാംഗങ്ങൾ ഫയർ എക്സ്‌റ്റിംഗ്യൂഷർ ഉപയോഗിച്ച് ഉടൻ തന്നെ തീ അണയ്ക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ അതിവേഗത്തിലുള്ള പ്രവർത്തനമാണ് തീ ആളിപ്പടരാതിരിക്കാൻ കാരണമായത്. തീപിടിത്തത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. 11 കെ.വി ലൈനിൽ തകരാർ സംഭവിച്ചയിനാൽ രാത്രി അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. ലൈനിലെ കേബിൾ കത്തിയതാണ് തീപിടിത്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു. തൊടുപുഴ ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, ജെയിംസ് നോബിൾ, അഖിൽ എസ്. പിള്ള, പി.എൻ. അനൂപ്, അനിൽ നാരായണൻ എന്നിവരായിരുന്നു ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നത്.