കട്ടപ്പന: കേരള കോ -ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേന്റെ നേതൃത്വത്തിൽ 19ന് കളക്ട്രേറ്റിലേയ്ക്ക് ലേക്ക് മാർച്ചും ധർണയും നടത്തും. സഹകരണ പെൻഷൻകാർക്ക് മതിയായ പെൻഷനും ക്ഷാമബത്തയും മറ്റുമായി പെൻഷൻ പരിഷ്‌കരണം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് സഹകരണ പെൻഷൻ ബോർഡിനു മുന്നിലും അന്നേ ദിവസം നടത്തുന്ന സമരത്തിന്റെ ഭാഗമാണ് ഇടുക്കി കളക്ടറേററ്റിനു മുന്നിലും സമരം നടത്തുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.പെൻഷൻ പരിഷ്‌കരണ റിപ്പോർട്ട് തള്ളിക്കളയുക, സഹകരണ പെൻഷൻകാർക്ക് ഡി.എ. അനുവദിക്കുക, മിനമം പെൻഷന്റെയും പരമാവധി പെൻഷന്റെയും പരിധി വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തുന്നത്. 19ന് രാവിലെ 10.30ന് പൈനാവ് ജംക്ഷനിൽ നിന്നും കളക്ടറേറ്റിലേക്ക് ആരംഭിക്കുന്ന മാർച്ചിന് ശേഷം നടക്കുന്ന ധർണാ സമരം എം.എം. മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തും. ടി.എം. ജോൺ, കെ.കെ. സുകുമാരൻ, കെ.കെ. ജോസഫ്, ടി.സി. രാജശേഖരൻനായർ, ബിജു മാത്യു തുടങ്ങിയവർ പ്രസംഗിക്കുമെന്ന് ജോമസ് ജോസഫ്, ജോസഫ് സേവ്യർ, കെ.കെ. ജോസഫ്, പി.എൻ. സുകു, ജോസഫ് പനന്താനം, പി.ബി. സുരേന്ദ്രൻ എന്നിവർ പറഞ്ഞു.