kmly
കുമളിയിൽ താത്ക്കാലിക സ്‌പൈസസ് കടയുടെ ഉള്ളിൽ കടന്ന അക്രമികൾ ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ മർദ്ദിക്കുന്നു

യുവാവിന് ക്രൂരമർദ്ദനം, പല്ല് കൊഴിഞ്ഞു

രണ്ട് പേർ അറസ്റ്റിൽ, ഒരാൾ ഒളിവിൽ

കുമളി : കുമളിയിൽ ശബരിമല താത്ക്കാലിക സ്‌പൈസസ് കടയുടമകളും ജീവനക്കാരും തമ്മിലുണ്ടായ സംഘട്ടനത്തിൽ തമിഴ്നാട് സ്വദേശിയായ യുവാവിന് ക്രൂരമർദ്ദനമേറ്റു. അക്രമികളുടെ കൈകൊണ്ടുള്ള ഇടിയിൽ യുവാവിന്റെ മുഖം ചതഞ്ഞു. പല്ല് കൊഴിഞ്ഞു. കമ്പത്തിന് സമീപം ഉത്തമ പാളയം സ്വദേശിയായ മുഹമ്മദ് മുജാഹിദീനാണ് (22 )പരിക്കേറ്റത്. ഇയാൾ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ ചിപ്സ് എന്ന പേരിൽ കട നടത്തുന്ന കുമളി സ്വദേശികളായ ബഷീർ ( 35,) നസീർ (40 )എന്നിവരെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി പതിനൊന്നോടെ കൊളുത്തു പാലത്തിന് സമീപം പ്രവർത്തിക്കുന്ന ചെന്നൈ ചിപ്സിലെ ഉടമകളും ജീവനക്കാരുമാണ് സമീപ കടയിലെ ജീവനക്കാരാനായ മുഹമ്മദിനെ കടയിൽ കയറി മർദ്ദിച്ചത്. ക്യാഷ് കൗണ്ടറിലിരുന്ന യുവാവിനെ സംഘടിച്ചെത്തിയ പത്തോളം പേരിൽ മൂന്നാളുകൾ മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യവും പുറത്ത് വന്നു. ആദ്യം രണ്ട് ആർക്കാർ യുവാവിനെ മർദ്ദിക്കുകയും പിന്നീട് ഇവരെ മാറ്റിയ ശേഷം സ്വെറ്റർ ധരിച്ച ഒരാൾ യുവാവിനെ കൈചുരുട്ടി മുഖത്ത് ഇടിക്കുന്നതും ദൃശ്യത്തിലുണ്ട്.

തീർത്ഥാടകരെ

ആകർഷിക്കാൻ അടവുകൾ

തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞ് കടയിൽ കയറ്റുന്നതുമായി ബദ്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഒരോ കടയടേയും മുന്നിൽ രാവും പകലും അഞ്ചിലധികം ആൾക്കാർ സ്വാമിമാരെ കടയിലേക്ക് ആകർഷിക്കുന്നതിനായി ഉണ്ടാവും. പകൽ ഡ്യൂട്ടിയിലുള്ളവർ രാത്രിയിലുണ്ടാവില്ല. കടകൾ മുന്നിൽ ഗുണ്ടകളേപ്പോലെ ഇക്കൂട്ടരുടെ പ്രവർത്തനം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നു വണ്ടാനെത്തുന്നവരുടെ വാഹനം പോലും റോഡ് വശത്ത് പാർക്ക് ചെയ്യാൻ ഇക്കൂട്ടർ സമ്മതിക്കില്ല. എതിർത്താൽ സംഘമായി എത്തുന്നവർ അസഭ്യവും ആക്രമണവും നടത്തും. നാട്ടുകാർ സീസൺ സമയത്ത് കുമളിയിലെ കടകളിൽ പോകാൻ ഭയക്കുന്നു.


'അക്രമത്തിലുൾപ്പെട്ട കടകൾ തത്ക്കാലത്തേക്ക് പൊലീസ് ഇന്നലെ പൂട്ടിച്ചു. മൂന്ന് പേർക്കെതിരെ കേസെടുത്തു'

കുമളി സി.ഐ

പി.എസ്. സുജിത്ത്

ലക്ഷങ്ങളാണ് സീസൺ സമയത്തേക്ക് മാത്രമായി നല്കി ഇത്തരം കടകൾ പ്രവർത്തിക്കുന്നത്. വ്യാപാര സംഘടനക്കും ഇക്കൂട്ടരുടെമേൽ നിയന്ത്രണമില്ല. മിക്കപ്പോഴും സമ്മർദ്ദത്തേതുടർന്ന് പൊലീസും നിശബ്ദരാകും. ലക്ഷങ്ങൾ വാടക നൽകി കാവൽക്കാർക്ക് ശമ്പളവും നല്കി കടയുടമകൾ 'ലാഭം' ഉണ്ടാക്കുന്നതിൽ ദുരൂഹതയേറെയാണ്. ആരോഗ്യ വകുപ്പിന്റെ പരിശോധന ഇല്ല. റോഡോരങ്ങളിൽ കൂണുകൾ പോലെ ഭക്ഷ്യവസ്തുക്കൾ അടക്കം വില്പന നടക്കുന്ന പെട്ടിക്കടകൾ. തമിഴ്നാട്ടിൽ നിന്നും എത്തിക്കുന്ന ജീരകവും മറ്റും പായ്ക്കറ്റിലാക്കി തേക്കടി, ആനച്ചാൽ ജീരകമാകും. അനുസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന ചിപ്സ്, ഹലുവ തുടങ്ങിയവയിൽ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളും എണ്ണയെന്ന് പറയപ്പെടുന്ന ഓയിലും ഉൾപ്പെടുന്നു.